Kottayam

അപകടാവസ്ഥയിലായ വീടുകൾക്ക് കരുതലും കൈത്താങ്ങുമായി അദാലത്ത്

കോട്ടയം: കനത്ത മഴയിൽ സമീപത്തുള്ള തോടിൻ്റെ സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായ തോമസിൻ്റെയും ഏലിയാമ്മയയുടേയും കിടപ്പാടത്തിന് കരുതലും കൈത്താങ്ങുമായി കോട്ടയം താലൂക്ക് അദാലത്ത്.

പുതുപ്പള്ളി എറികാട് സ്വദേശികളായ ഇവരുടെ വീടിനോടു ചേർന്നുള്ള തോടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിന് 10 ലക്ഷം രൂപ അനുവദിക്കാൻ സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്ത കോട്ടയം താലൂക്ക് അദാലത്ത് നിർദേശം നൽകി.

പഴക്കം ചെന്ന ഇവരുടെ വീടുകൾക്ക് മഴക്കാലത്ത് അപകടം സംഭവിക്കാനുള്ള സാധ്യത പരിഗണിച്ചാണ് എസ്റ്റിമേറ്റ് പ്രകാരം സംരക്ഷഭിത്തി നിർമിക്കാൻ പത്തുലക്ഷം രൂപ അനുവദിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിന് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകിയത്.

പുതുപ്പള്ളി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് തറയിൽപാലത്തിൻ്റെ താഴ്ഭാഗത്ത് താമസിക്കുന്ന മള്ളിക്കടുപ്പിൽ തോമസ് ജോൺ, ഏനാദിക്കൽ ഏലിയാമ്മ ജോൺ എന്നിവരുടെ വീടിനോടു ചേർന്നുള്ള തോടിൻ്റെ സംരക്ഷണ ഭിത്തി 2021 ൽ ഉണ്ടായ കനത്ത മഴയിൽ തകർന്നിരുന്നു. ഇതിനോടു ചേർന്നുള്ള റോഡിൻ്റെയും സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലാണ്.

ഇതിനു പരിഹാരം തേടിയാണ് തോമസും ഏലിയാമ്മയും അദാലത്തിൽ പരാതി നൽകിയത്. അദാലത്തിൽ ഹാജരായ തോമസ് ജോണിൻ്റെ ഭാര്യ ബീന തോമസിന്റെ പരാതി വിശദമായി കേട്ട അദാലത്ത് ഉടനടി വേണ്ട നടപടികൾ സ്വീകരിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകുകയും 10 ലക്ഷം രൂപ അനുവദിക്കാൻ നിർദേശിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *