കോട്ടയം : ജില്ലാതല കേരളോത്സവം ഡിസംബർ 21,22 തിയതികളിൽ കോട്ടയം നഗരത്തിലെ വിവിധ വേദികളിലായി നടക്കും. ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചെയർമാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ ജനറൽ കൺവീനറുമാണ്.
ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ കളക്ടർ എന്നിവർ രക്ഷാധികാരികളുമാണ്. 65 ഇനങ്ങളിലാണ് കേരളോത്സവത്തിൽ ഇക്കുറി കലാമത്സരങ്ങൾ അരങ്ങേറുക. ബ്‌ളോക്ക് തലത്തിൽ വിജയികളായവരും നഗരസഭാതല വിജയികൾക്കും ജില്ലാതല കേരളോത്സവത്തിൽ പങ്കെടുക്കാം.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമല ജിമ്മി, പി.എസ്. പുഷ്പമണി, രാധാ വി. നായർ, പി.എം. മാത്യൂ, മഞ്ജു സുജിത്ത്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത രജീഷ്, മറിയാമ്മ ഫെർണാണ്ടസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി മായാദേവി എന്നിവർ പങ്കെടുത്തു.