പാലാ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് മാർ തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ സീറോ മലബാർ സിനഡൽ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുശോചനം രേഖപ്പെടുത്തി.
യാക്കോബായ സഭയ്ക്കു മാത്രമല്ല , മലങ്കരയിലെ സീറോ മലബാർ ഉൾപ്പെടെയുള്ള സഭകൾക്കു മുഴുവൻ ദിശാബോധം നൽകിയ ഉത്തമ നേതാവും കർത്താവീശോമിശിഹായുടെ വിശ്വസ്തസേവകനുമായിരുന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടേത് എന്ന് ബിഷപ് കുറിച്ചു.
വ്യതിചലിക്കാത്ത വിശ്വാസവും ആഴമായ ലാളിത്യവും ദൈവം ഏൽപ്പിച്ച അജഗണത്തോട് വലിയ സമർപ്പണവും ബാവാക്ക് ഉണ്ടായിരുന്നു . നല്ലിടയനായി ഇന്ത്യയ്ക്ക് അകത്തും പുറത്തും പിതാവ് പരിഗണിക്കപ്പെട്ടു.
പ്രത്യേകിച്ച് സഭകൾ തമ്മിലുള്ള ഐക്യ പരിശ്രമങ്ങൾക്ക് വലിയ തുറവി കാണിച്ച ബാവായുടെ ശൈലി സംഭാഷണവും അനുരഞ്ജനവും ആയിരുന്നു. നിസ്സാരക്കാരെയും എളിയവരെയും ദൈവം ഉയർത്തുമെന്ന വിശുദ്ധ വേദപുസ്തകത്തിലെ സന്ദേശത്തിന്റെ തെളിവാണ് യാക്കോബായ സുറിയാനി സഭയുടെ മേൽപ്പട്ടക്കാരനായി മാറിയ പിതാവിന്റെ ജീവിതം.
സഭാപിതാവിന്റെ വേർപാടിൽ ദുഃഖാർത്തരായ യാക്കോബായ സഭയിലെ മേൽപ്പട്ടക്കാരോടും വൈദികരോടും വിശ്വാസികളേവരോടും ഉള്ള സീറോ മലബാർ സഭയുടെ അഗാധമായ ഹൃദയ അടുപ്പം ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു.