Moonnilavu

മികവിൽ മികച്ച നേട്ടവുമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ

വാകക്കാട് : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനായി കേരള സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസേർച്ച് ആൻഡ് ട്രെയിനിങ് (SCERT) നടത്തുന്ന മികവ് എന്ന പ്രോഗ്രാമിലേക്ക് കോട്ടയം ജില്ലയിൽ നിന്നും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.

എസ് സി ഇ ആർ ടി ചുമതലപ്പെടുത്തിയ വിദഗ്ധസംഘം വിദ്യാലയം സന്ദർശിക്കുകയും സ്കൂളിലെ മികവ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് അൽഫോൻസാ ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്.

നവീനരീതികളിലുള്ളതും നൂതനാശയങ്ങളുള്ളതും വ്യത്യസ്തമായ പ്രവർത്തനങ്ങളുള്ളതുമായി സ്കൂളിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളാണ് മികവ് പ്രവർത്തനങ്ങളിൽ പ്രധാനമായും വിലയിരുത്തപ്പെട്ടത്.

പാഠ്യപദ്ധതി വിനിമയം, പഠനാന്തരീക്ഷം, സാമൂഹ്യ ഇടപെടലുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ഗുണപരമായ മാറ്റം വരുത്തുന്നതിന് പര്യാപ്തമായ തികച്ചും അക്കാദമികമായ പ്രവർത്തനങ്ങളാണ് മികവ് പ്രവർത്തനങ്ങളായി പരിഗണിച്ചത്.

വാകക്കാട് സ്കൂൾ നടപ്പിലാക്കിവരുന്ന ജീവിത വെല്ലുവിളികളെ സ്വയം പ്രതിരോധിക്കാനുള്ള പരിശീലന പരിപാടിയായ റേഡിയൻ്റ് ലൈഫ് പദ്ധതി കുട്ടികളിലൂടെ കുടുംബത്തെയും സമൂഹത്തെയും മെച്ചപ്പെട്ട പാരിസ്ഥിതിക ജീവിതത്തിലൂടെ നന്മയിലേക്ക് നയിക്കാൻ ഉതകുന്നതാണെന്ന് സമിതി വിലയിരുത്തി.

മൂന്നിലവ് ആയുർവേദ ഹോസ്പിറ്റലിൽ വെച്ച് സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ആരോഗ്യകരമായ ശീലങ്ങൾ പരിശീലിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടി, മീനച്ചിലാറിനോട് കുട്ടികൾക്കുള്ള സ്നേഹവും കരുതലും അത് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് രഹിത ലഹരി വിരുദ്ധ സമൂഹത്തിനായുള്ള കുട്ടികളുടെ പ്രവർത്തനങ്ങൾ എന്നിവ മാതൃകാപരവും ശ്ലാഹനീയവുമാണെന്ന് വിലയിരുത്തി.

ഗണിതലഹരി പോലുള്ള പ്രവർത്തനങ്ങൾ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുവെന്നും പാലം തകർന്നിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞിടത്തും കുട്ടികളുടെ ഇടപെടൽ സാമൂഹിക പ്രതിബദ്ധതയുടെയും നല്ല മാറ്റങ്ങളുടെയും ഉത്തമോദാഹരണമാണെന്നും സമിതി അഭിപ്രായപ്പെട്ടു. പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരുടെയും കൂട്ടായ്മയും ഉത്സാഹവും സഹകരണവും എല്ലാവർക്കും മാതൃകയും പ്രചോദനവും ആണെന്നും വിദഗ്ദ സമിതി വിലയിരുത്തി.

വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ തിരുവല്ല ടൈറ്റസ് II ടീച്ചേഴ്സ് ട്രെയിനിങ് കോളേജ്, മാന്നാനം സെന്റ് ജോസഫ് കോളേജ് ഓഫ് എജ്യുക്കേഷൻ, മൈലക്കൊമ്പ് സെൻ്റ് തോമസ് ടീച്ചർ എജുക്കേഷൻ കോളേജ്, പാലാ സെൻറ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ എന്നിവിടങ്ങളിൽ നടത്തിയ പഠനോപകരണ നിർമ്മാണ ശില്പശാല വിദഗ്ദ സമിതി പ്രത്യേകം പരാമർശിക്കപ്പെടുകയും അധ്യാപകരെ അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *