ഈരാറ്റുപേട്ട : സംസ്ഥാന ഗവൺമെന്റിന് കീഴിലുള്ള ശുചിത്വമിഷൻ മുഖേന അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റ് സമുച്ചയം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൾ ഖാദർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർ നാസർ വെള്ളൂപ്പറമ്പിൽ പിടിഎ പ്രസിഡന്റ് അനസ് പാറയിൽ, പിടിഎ വൈസ് പ്രസിഡന്റ് മുജീബ് മഠത്തിൽപറമ്പിൽ, പ്രിൻസിപ്പൽ സിസി കാപ്പിൽ, വൈസ് പ്രിൻസിപ്പൽ ബിൻസി മോൾ , അഗസ്റ്റിൻ സേവ്യർതുടങ്ങിയവർ പ്രസംഗിച്ചു.
പുതുതായി നിർമ്മിച്ച ടോയ്ലറ്റ് കെട്ടിടത്തിൽ അഞ്ച് ശുചിമുറികളാണ് നിർമ്മിച്ചിട്ടുള്ളത്. തുടർന്ന് ഇൻസിനേറ്റർ, നാപ്കിൻ വെൻഡിങ് യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങൾ കൂടി ഒരുക്കി ടോയ്ലറ്റ് സമുച്ചയം കൂടുതൽ സ്ത്രീ സൗഹൃദമാക്കും എന്ന് എംഎൽഎ അറിയിച്ചു.
സ്കൂളിനുവേണ്ടി രണ്ടുകോടി രൂപ വിനിയോഗിച്ച് പുതുതായി നിർമ്മിച്ചുവരുന്ന സ്കൂൾ കെട്ടിടത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.