ജീവകാരുണ്യരംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുകയാണ് ജീവരക്തത്തിന്റെ കാവല്‍ക്കാരനായ പാലായുടെ സ്വന്തം ഷിബു തെക്കേമറ്റം. മനുഷ്യജീവന് അത്യന്താപേഷികമായ രക്തം സഹജീവികള്‍ക്ക് സസന്തോഷം ദാനം ചെയ്തും ആവശ്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എത്തിച്ചുനല്‍കിയുമാണ് ഷിബു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്.
അപകടങ്ങളില്‍പെട്ടും മാരകമായ അസുഖങ്ങള്‍ ബാധിച്ചും മറ്റും ചികിത്സയില്‍ കഴിയുന്ന ബന്ധുജനങ്ങള്‍ക്കോ, സുഹൃത്തുകള്‍ക്കോ, അയല്‍വാസികള്‍ക്കോ ജീവന്‍ നിലനിര്‍ത്തുന്നതിന് രക്തത്തിനായി നെട്ടോട്ടമോടിയവരാണ് നമ്മളില്‍ പലരും. എന്നാല്‍ കോട്ടയം ജില്ലയിലെ പല ആശുപത്രികളിലും ഇന്ന് ആ അവസ്ഥയില്ല.
കോളേജ്തലം മുതല്‍ സാമുദായിക തലത്തില്‍വരെ ഇന്ന് രക്തം നല്‍കുന്നവരുടെ പട്ടിക തയ്യാറാണ്. രക്തദാനം മഹാദാനം എന്ന സന്ദേശം ഉള്‍ക്കൊണ്ട് നിരവധി രക്തദാതാക്കള്‍ ജില്ലയിലുടനീളം രംഗത്തെത്തിക്കഴിഞ്ഞു. ഈ വിപ്ലവകരമായ മാറ്റത്തിലേക്ക് തുടക്കംകുറിച്ച സംഭാവനകള്‍ ഷിബു തെക്കേമറ്റം എന്ന ചെറുപ്പക്കാരന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.
കഴിഞ്ഞ 36 വര്‍ഷത്തിനകം 124 തവണ സ്വന്തം രക്തം ദാനം ചെയ്തുകഴിഞ്ഞു. 1988 ല്‍ തന്റെ അധ്യാപികയ്ക്ക് രക്തം നല്‍കി രക്തദാനരംഗത്തേക്കു വന്ന ഷിബു മുപ്പത്തിയാറ് വര്‍ഷമായി രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുകയും ഇതിനോടകം നൂറ്റിയിരുപത്തിനാല് പേര്‍ക്ക് സ്വന്തമായി രക്തം നല്‍കുകയും ആയിരക്കണക്കിന് രോഗികള്‍ക്ക് മറ്റുള്ളവരെ കൊണ്ട് രക്തം നല്‍കിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
രക്തദാനത്തേക്കാള്‍ മഹത്തരവും പവിത്രവുമായ മറ്റൊരു ദാനവും സേവനവും ഇല്ലെന്ന് വിശ്വസിച്ചു കൊണ്ട് രോഗിയുടെ സഹോദരങ്ങളോ മക്കളോപോലും അവരുടെ രക്ത ഗ്രൂപ്പ് അറിയാനോ രക്തദാനത്തിനോ തയ്യാറാവാത്ത സാഹചര്യത്തിലാണ് സേവന സന്നദ്ധനായ ഈ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സ്വന്തം രക്തം നല്‍കി അന്യരുടെ ജീവന്‍ നിലനിര്‍ത്താന്‍ തയ്യാറാവുന്നത്.
രക്തദാനം എന്ന മഹാദാനം ജീവദാനമായി കരുതുന്ന ഷിബു തെക്കേമറ്റം സ്വന്തം ജീവരക്തം നല്‍കി ഏവര്‍ക്കും മാതൃകയും പ്രചോദനവുമാവുകയാണ്. പരേതനായ റ്റി. റ്റി തോമസിന്റയും തെയ്യാമ്മയുടേയും മകനായി പാലായ്ക്കടുത്തുള്ള നാട്ടിന്‍പുറമായ കൊഴുവനാല്‍ തെക്കേമറ്റം കുടുംബത്തിലാണ് ഷിബുവിന്റെ ജനനം.
വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായി സേവനം അനുഷ്ഠിക്കുന്നു. സമര്‍ത്ഥനായ സംഘാടകനും സാമൂഹിക പ്രവര്‍ത്തകനുമാണ് ഷിബു തെക്കേമറ്റം. ഭാര്യ റെനി. മകന്‍ എമില്‍ ടോം ഷിബു, മകള്‍ എലേന സൂസന്‍ ഷിബു .
ഐഎംഎയുടെ അപ്രീസിയേഷന്‍ അവാര്‍ഡ്, ലയണ്‍സ് ക്ലബിന്റെ ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് അവാര്‍ഡ്, ജേസിസിന്റെ ഗ്രേറ്റ് ഹാര്‍ട്ട് അവാര്‍ഡ് തുടങ്ങി നിരവധി സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പുരസ്‌കാരങ്ങള്‍ ഷിബുവിന് ലഭിച്ചിട്ടുണ്ട്.
രാജീവ് ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സ്റ്റഡീസിന്റെ മികച്ച സാമൂഹിക പ്രവകര്‍ത്തകനുള്ള രാജീവ് ഗാന്ധി പുരസ്‌കാരവും ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷ ണലിന്റെ സര്‍വ്വീസ് എക്സലന്റ്സ് അവാര്‍ഡും ലഭിച്ച ഷിബുവിന് സംസ്ഥാന ആരോഗ്യവകുപ്പും സംസ്ഥാന ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും സംയുക്തമായി നല്‍കുന്ന കേരളത്തിലെ മികച്ച രക്തദാതാവിനുള്ള 2016 ലെയും 2018ലെയും അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഷിബു രക്തദാന രംഗത്തേക്ക് കടന്നു വന്നത് തൻ്റെ അധ്യാപികയായിരുന്ന ഒരു കന്യാസ്ത്രീക്ക് ജീവരക്തം നല്‍കിയാണ് അവര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് ഏറെ സന്തോഷം നിറഞ്ഞനിമിഷങ്ങളായിരുന്നു.
തന്റെ ജീവരക്തം സ്വീകരിച്ചവര്‍ ചുറുചുറുക്കോടെ ഓടി നടക്കുന്നത് കാണുന്നതാണ് രക്തദാനത്തിന്റെ തന്നെ പിന്നെയും പിന്നെയും പ്രേരിപ്പിക്കുന്ന കാരണമെന്ന് ഷിബു പല വേദിയിലും പറഞ്ഞിട്ടുണ്ട്. അതോടെ രക്തദാനം എന്ന മഹാ ആശയം മനസില്‍ ശക്തമായി.
കൊഴുവനാലുള്ള സുഹൃത്തുക്കളും പരിചയക്കാരുമായി ആശയം പങ്കുവെച്ചു. എല്ലാവരും പിന്തുണച്ചതോടെ 35 വർഷങ്ങൾക്ക് മുമ്പ് കൊഴുവനാലിൽ ഒരു രക്തദാന സേന രൂപം കൊണ്ടു. കെ.എം. ജോര്‍ജ് സ്മാരക ആര്‍ട്‌സ് ക്ലബാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സേനയെക്കുറിച്ച് കേട്ടറിഞ്ഞ് ആവശ്യക്കാര്‍ നിരവധിയാണ് എത്തിയത്.
പിന്നീടങ്ങോട്ട് നിലക്കാത്ത ഫോണ്‍വിളികളുടെയും വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുടെയും നാളുകളായിരുന്നു. സേനയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായി വിദ്യാര്‍ത്ഥികളും അധ്യാപകരും സംഘടനകളും കര്‍ഷകരും വ്യാപാരികളും ഡ്രൈവര്‍മാരുമെല്ലാം അംഗങ്ങളായി.
ക്രമേണ ജനങ്ങളില്‍ രക്തദാനത്തെക്കുറിച്ച് അന്നുവരെ മനസിലുണ്ടായിരുന്ന തെറ്റിദ്ധാരണങ്ങള്‍ നീങ്ങിത്തുടങ്ങി. സേനയുടെ നേതൃത്വത്തിലുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇതിന് സഹായമായി. ഇതിന് ഫലം കണ്ടുതുടങ്ങിയതോടെ വീട്ടമ്മമാര്‍ ഉള്‍പ്പെടെ രക്തദാനം രംഗത്തേക്ക് എത്തിത്തുടങ്ങി.
ആവശ്യക്കാര്‍ക്ക് ഒരു ഫോണ്‍ കോളിന്റെ ചിലവില്‍ വേണ്ട ഗ്രൂപ്പിലുള്ള രക്തം ലഭ്യമാക്കി നല്‍കുന്ന തരത്തില്‍ സേനയുടെ പ്രവര്‍ത്തനം വിപുലകരിക്കാന്‍ ഷിബുവിന്റെ നേതൃത്വത്തിനായി. ഏതാണ്ട് ഇരുപത് വർഷത്തിലധികം ഈ രക്തദാനസേനയുടെ പ്രവർത്തനം സജീവമായിരുന്നു.
പിന്നീട് രക്തദാനസേനയുടെ പ്രവർത്തനം ജില്ലാ ആരോഗ്യ വകുപ്പിൻ്റെയും ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിൽ ജില്ലാതലത്തിൽ ആരംഭിക്കുവാൻ കാരണക്കാരനാകുവാനും സാധിച്ചു. കോട്ടയം ജില്ലയിലെ 32 ഓളം സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ തുടക്കം കുറിച്ചതാണ് പാലാ ബ്ലഡ് ഫോറം. ഷിബു തെക്കേമറ്റമാണ് ഫോറത്തിന്റെ ജനറല്‍ കണ്‍വീനര്‍.
പാലാ ഡി വൈ എസ് പി ചെയര്‍മാനാണ്. നിലവിലുള്ള രക്തശ്രോതസുകളെ ഏകോപിപ്പിച്ച് പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ രക്തദാതാക്കളുടെ കരുത്തറ്റ ശൃംഖലയാണ് സാധ്യമാക്കിയിട്ടുള്ളത്. കണ്‍ട്രോള്‍ റും നമ്പരായ 100- ന്റെ സാധ്യതകളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ഈ നമ്പരില്‍ സേവനം ലഭ്യമാക്കുന്ന തരത്തിലാണ് സംവിധാനം.
പോലീസ് വകുപ്പ്, ജില്ലാ സന്നദ്ധ രക്തദാനസമിതി, ജില്ലാ ആരോഗ്യവകുപ്പ്, കിഴതടിയൂര്‍ സഹകരണ ബാങ്ക്, കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക, മത സംഘടകള്‍, വിദ്യാഭ്യാസ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യാപാരികള്‍ എന്നിവരുമായെല്ലാം ബന്ധപ്പെട്ടും ഏകോപിപ്പിച്ചുമാണ് ജില്ലയിലെ മികച്ച രക്തദാന സംഘടനയായി തെരഞ്ഞെടുക്കപ്പെട്ട പാലാ ബ്ലഡ് ഫോറത്തിന്റെ പ്രവര്‍ത്തനം.
കേരളത്തിലാദ്യമായി രക്തദാനരംഗത്ത് 24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക് ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറം എന്ന പേരില്‍ ആരംഭിക്കുവാന്‍ നേതൃത്വം കൊടുത്തത് ഷിബു തെക്കെമറ്റമാണ്.
ജില്ലാ സന്നദ്ധ രക്തദാനസമിതിയുടേയും പാലാ ബ്ലഡ്ഫോറത്തിന്റയും ജനറല്‍ കണ്‍വീനര്‍, ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണലിന്റെ ബ്ലഡ് ബാങ്ക് ക്യാമ്പ് കോ. ഓര്‍ഡിനേറ്റര്‍, അഡ്വ. റ്റി വി. എബ്രാഹാം ഫൗണ്ടേഷന്റെ സെക്രട്ടറി, നെഹ്റു പീസ് ഫൗണ്ടേഷന്റെ ജില്ലാ ചെയര്‍മാന്‍, മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു വരുന്നു.
ജനമൈത്രി പോലീസിന്റെ ജനസമിതി അംഗവുമാണ് ഷിബു തെക്കേമറ്റം. രക്തദാനം ജീവദാനമെന്ന് വിശ്വസിക്കുകയും ആ മഹാദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിലൂടെ അന്യര്‍ക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഷിബു രക്തദാനരംഗത്തെന്നപോലെ തന്നെ മറ്റു സാമൂഹിക പ്രവര്‍ത്തനമേഖലകളിലും സജീവ സാന്നിദ്ധ്യമാണ്.