പാലാ: വീണ്ടുവിചാരമില്ലാതെ പാലാ ഡിപ്പോയുടെ 14 സർവീസുകൾ കൂട്ടത്തോടെ റദ്ദുചെയ്ത നടപടി കൂടുതൽ നിയമപ്രശ്നത്തിലേയ്ക്ക് ട്രാൻസ്പോർട്ട് കോർപ്പറേഷനെ എത്തിച്ചു.
സ്വകാര്യ ഓപ്പറേറ്റർമാരിൽ നിന്നും കോർപ്പറേഷൻ നിയമപോരാട്ടം നടത്തി ഏറ്റെടുത്ത ടേക്ക് ഓവർ സർവീസുകൾ ഓടിക്കുവാൻ കഴിയുന്നില്ലെങ്കിൽ ഉടൻ സ്വകാര്യ ഓപ്പ റേറ്റർമാർക്ക് തിരികെ നൽകണമെന്നാണ് പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻറർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇങ്ങനെ 2013-ൽ ഏറ്റെടുത്ത 12 സർവ്വീസുകളാണ് പാലായിൽ ഉള്ളത്. കോടതി ഉത്തരവു പ്രകാരം നിർബന്ധമായും ഓടിച്ചിരിക്കേണ്ട ബസുകൾ തുടർച്ചയായി നിർത്തൽ ചെയ്ത നടപടി കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സംഘടന സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി കഴിഞ്ഞു. ഏറ്റെടുത്ത സൂപ്പർ ക്ലാസ് ടേക്ക് ഓവർ സർവ്വീസുകൾ ഉടൻ പുനരാരംഭിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുവാനാണ് സെൻറർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ്റെ തീരുമാനം.
മുന്നൊരുക്കം ഇല്ലാതെ നിർബന്ധമായും ഓടിച്ചിരിക്കേണ്ട സർവ്വീസുകൾ ഉൾപ്പെടെ റദ്ദുചെയ്ത പാലാ ഡിപ്പോ അധികൃതരുടെ നടപടി നിയമ പ്രശ്നമായി മാറിയതോടെ കോർപ്പറേഷൻ പാലാ ഡിപ്പോ അധികൃതർക്കെതിരെ അന്വേഷണവും നടപടിയും ആരംഭിച്ചു.
പാലാ ഡിപ്പോയുടേതായ ബസുകൾ മറ്റു ഡിപ്പോ വർക്ക്ഷോപ്പുകളിൽ അറ്റകുറ്റപണിക്കായി കയറ്റിയിരുന്നത് വിവിധ ഇടങ്ങളിൽ നിന്നും ഇന്ന് പാലായിൽ എത്തിച്ചിട്ടുണ്ട്. 3ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് പെരുമ്പാവൂർ ഉൾപ്പെടെയുള്ളിടത്തു നിന്നും എത്തിച്ചത്.ഇതോടെ റദ്ദുചെയ്ത 3 സർവ്വീസ് കൾ കൂടി തുടങ്ങുവാൻ കഴിയുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
നാളിതുവരെ മുടങ്ങാത്ത 6.10 കൊല്ലം, 8.00 മണി കോഴിക്കോട് തുടങ്ങിയ സർവ്വീസുകൾ തുടങ്ങണമെന്നാണ് യാത്രക്കാരുടെ സംഘടനകളുടെ ആവശ്യം. ഇന്നലെ വീണ്ടും പുനരാരംഭിച്ച വെളുപ്പിന് 3.00നുള്ള കണ്ണൂർ സർവ്വീസ് റിസർവേഷനിൽ ഉൾപ്പെടുത്തിയിരുന്നില്ല യാത്രക്കാരുടെ പരാതിയെ തുടർന്ന് ഇന്നു മുതൽ കണ്ണൂർ സർവ്വീസിന് റിസർവേഷനും ആരംഭിച്ചു കഴിഞ്ഞു.
6 ബസുകൾ മാത്രമാണ് സ്പെഷ്യൽ പൂളിലേയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ സർവീസ് റദ്ദാക്കിയത് 14 എണ്ണമാണ്. സ്പെഷ്യൽ സർവ്വീസിന് ബസ് അയയ്ക്കുമ്പോൾ ഷെഡ്യൂളുകൾ മുടക്കിയിരിക്കണമെന്ന് കോർപ്പറേഷൻ പറഞ്ഞിട്ടില്ല.
ശബരിമല സ്പെഷ്യൽ സർവ്വീസിന് ബസ് അയച്ചതിൻ്റെ പേരിൽ അല്ല സർവ്വീസുകൾ റദ്ദു ചെയ്തിരുന്നതെന്നും ഉണ്ടായിരുന്ന ബസുകൾ സർവ്വീസിന് അയയ്ക്കുവാനുള്ള മുൻകരുതൽ സ്വീകരിക്കാത്തതിനാലാണ് സർവ്വീസുകൾ മുടക്കിയതെന്നും മറ്റ് ഡിപ്പോ വർക്ക്ഷോപ്പുകളിലുള്ള പാലായുടെ ബസുകൾ എത്തിച്ച് പാലാ ഡിപ്പോയിൽ നിന്നും നിർത്തലാക്കിയ എല്ലാ സർവ്വീസുകളും പുനസ്ഥാപിക്കും വരെ ശക്തമായ ഇടപെടൽ നടത്തുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറഞ്ഞു.





