പാലാ: ജനറല്‍ ആശുപത്രി ജംഗ്ഷനില്‍നിന്നു ബൈപാസിലേക്കു രണ്ടു കോടി രൂപ ചെലവഴിച്ച് പണിയുന്ന റോഡ് ഡിസംബര്‍ അഞ്ചിനുമുമ്പ് ഗതാഗതയോഗ്യമാക്കുമെന്ന് മാണി സി. കാപ്പന് എംഎല്‍എ. പലവിധ തടസങ്ങള്‍ നിരന്തരമായി സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് 115 മീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള റോഡിന്റെ പണി അനന്തമായി നീണ്ടുപോയത്.
വീതി കൂട്ടി സംരക്ഷണഭിത്തി നിര്‍മിച്ച് പണി നടക്കുന്നതിനിടയില്‍ രണ്ട് എൻജിനിയര്‍മാരെ സ്ഥലം മാറ്റിയത് ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചാണ് ഇപ്പോള്‍ ധൃതഗതിയില്‍ നിർമാണം പുരോഗമിക്കുന്നത്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറുന്നവരുടെ വലുപ്പച്ചെറുപ്പം നോക്കാതെ നടപടിയെടുക്കേണ്ടതാണ്. സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയവരെ ഒഴിപ്പിക്കണമെന്ന കളക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ നഗരസഭാധികാരികള്‍ക്ക് ചുമതലയുണ്ട്.
കച്ചവടത്തിനുള്ള ലൈസന്‍സ് കൊടുത്തതുകൊണ്ട് അവരെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്വവും നഗരസഭയ്ക്കുണ്ട്. ചെയര്‍പേഴ്സണ്‍ അധ്യക്ഷത വഹിച്ച ആശുപത്രി വികസനസമിതിയുടെ ഐകകണ്ഠ്യേനയുള്ള തീരുമാനം നടപ്പാക്കാനുള്ള ചുമതലയും നഗരസഭാ ഭരണസമിതിക്കുണ്ടെ ന്നും മാണി സി. കാപ്പന് പറഞ്ഞു.





