പാലാ: വെറും 100 മീറ്റർ മാത്രമുള്ള പാലാ ജനറൽ ആശുപത്രിറോഡ് നിർമ്മാണത്തിന് ജനം കാത്തിരിക്കേണ്ടി വന്നത് ഒരു വർഷം. ഇനിയും പണി തീർക്കാതെ നീട്ടിക്കൊണ്ടു പോകുവാൻ അനുവദിക്കില്ലെന്ന് വകുപ്പ് മേധാവികളോട് നഗരസഭാ ചെയർപേഴ്സൺ കർശന നിർദ്ദേശം നൽകി.
നവം: 30 ന് മുൻപ് റോഡ് തുറന്നു കൊടുക്കാനാവും വിധം യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാവണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു. അനിശ്ചിതമായി നീളുന്ന പാലാ ജനറൽ ആശുപത്രിയിലേയ്ക്കുള്ള റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിനെതിരെയുള്ള പരാതികളെ തുടർന്ന് ഇന്ന് ചെയർപേഴ്സൻ്റ ചേമ്പറിൽ പൊതുമരാമത്ത് റോഡ് വിഭാഗം, വാട്ടർ അതോറിട്ടറി, വൈദ്യുതി വിഭാഗം, ആശുപത്രി അധികൃതർ എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേർത്താണ് റോഡ് തുറന്നുകൊടുക്കേണ്ട അടിയന്തിര സാഹചര്യം ചെയർപേഴ്സൺ വിശദീകരിച്ചത്.
റോഡ് നിർമ്മാണത്തിൽ നഗരസഭയ്ക്ക് ഒരു പങ്കുമില്ലാത്ത സാഹചര്യത്തിലും പഴി കേൾക്കുന്ന സാഹചര്യമാണ് വകുപ്പുകളുടെ തർക്കങ്ങൾ മൂലം ഉണ്ടായിരിക്കുന്നത്. റോഡ് ടാറിംഗിനായുള്ള സ്ഥലത്ത് ഒരു വിധ തടസ്സങ്ങളും നിലവിലുമില്ല. പൈപ്പ് സ്ഥാപിക്കലും ഓട നിർമ്മാണവുമായി നടക്കുന്ന തർക്കവും ഏകോപനമില്ലായ്മയുമാണ് റോഡ് നിർമ്മാണം നീണ്ടു പോകുന്നതെന്ന് ചെയർപേഴ്സൺ യോഗത്തെ അറിയിച്ചു.
പി.ഡബ്ല്യു.ഡി മുൻകൂട്ടി സമയം നിശ്ചയിച്ചാൽ ഒരു ദിവസം കൊണ്ട് അവശേഷിക്കുന്ന പൈപ്പുകൾ സ്ഥാപിക്കുവാനും വാട്ടർ അതോറിട്ടറിയുമായി ബന്ധപ്പെട്ട എല്ലാ പണികളും തീർക്കുവാനും തയ്യാറാണെന്ന് വാട്ടർ അതോറിട്ടറി അധികൃതർ വിശദീകരിച്ചു. വൈദ്യുതി തൂൺ മാറ്റുന്നതിന് തുക അടച്ചാൽ ഉടൻ വൈദ്യുതി പോസ്ററുകൾ മാറ്റുവാൻ തയ്യാറാണെന്ന് കെ.എസ്.ഇ.ബിയും അറിയിച്ചു.
റോഡിനായി മാർക്ക് ചെയ്ത സ്ഥലത്ത് മറ്റു തടസ്സങ്ങൾ ഇല്ല എന്ന് റോഡ് വിഭാഗവും അറിയിച്ചു. തർക്കങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഉടൻ തീർത്ത് പണികൾ പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കണമെന്ന് ചെയർപേഴ്സൺ ആവശ്യപ്പെട്ടു.സോളിംഗ് നടത്തി ഉറപ്പിച്ച് ചെളിയും പൊടിയും ഉണ്ടാകാത്ത വിധമുള്ള പ്രാഥമിക ടാറിംഗ് നടത്തി വാഹനയാത്ര സാദ്ധ്യമാക്കണം.
നഗരത്തിലെ പ്രധാന ആവശ്യമായ റോഡ് നിർമ്മാണം സംബന്ധിച്ചുള്ള വിവിധ വകുപ്പിൻ്റെ താലൂക്ക്തല മേധാവികളുടെ യോഗത്തിൽ ജോലി ക്രമീകരിച്ചിരിക്കുന്ന പൊതുമരാമത്ത് റോഡ് വിഭാഗം അസി.എക്സി.എൻജിനീയർ പങ്കെടുക്കാത്തതിൽ ചെയർപേഴ്സൺ പ്രതിഷേധം അറിയിച്ചു.
വൈസ് ചെയർമാൻ ബിജു മാത്യൂസ്, കൗൺസിലർ ബിജു പാലൂപടവൻ, നഗരസഭാ സെക്രട്ടറി എം.എസ്.ആകാശ്, പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസി.എൻജിനീയർ കെ.ജി.രജിത, വാട്ടർ അതോറിട്ടറി അസി.എക്സി.എൻജിനീയർ എൻ.ശ്രീജിത്ത്, അസി.എൻജിനീയർ രാജി ദാമോദർ, കെ.എസ്.ഇ.ബി സൂപ്രണ്ടിംഗ് എൻജിനീയർ കെ. മനോജ്, ആർ.എം.ഒ ഡോ.രാജേഷ് ബാബു, പാസഞ്ചേഴ്സ് അസോസിയേഷനു വേണ്ടി ജയ്സൺ മാന്തോട്ടം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.





