General

ബൈബിൾ ദൃശ്യാവതരണ വേദിയിൽ വിശ്വാസധീരതയോടെ പൂവരണിക്ക് സംസ്ഥാനതലത്തിൽ മികവ്

തലശ്ശേരി: ബൈബിൾ ദൃശ്യാവതരണത്തിൽ പാലാ രൂപതയെ പ്രതിനിധീകരിച്ച പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ സംസ്ഥാനതലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. -തലശ്ശേരി സാൻജോസ് മെട്രോപൊളിറ്റൻ സീനിയർ സെക്കൻഡറി സ്കൂളിലാണ് സംസ്ഥാനതല മത്സരം നടന്നത്. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നെത്തിയ മികച്ച ടീമുകൾ മാറ്റുരച്ച വേദിയിലാണ് പൂവരണി കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചത്.

ചേർപ്പുങ്കലിൽ നടന്ന പാലാ രൂപത കലോത്സവത്തിൽ പാലാ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാണ് ഈ ടീം സംസ്ഥാന വേദിയിലെത്തിയത്. മക്കബായർ രണ്ടാം പുസ്തകം ഏഴാം അധ്യായത്തിലെ രക്തസാക്ഷിത്വമാണ് കുട്ടികൾ അവതരിപ്പിച്ചത്. വിശ്വാസം ത്യജിക്കാൻ രാജാവ് ആവശ്യപ്പെട്ടപ്പോൾ, മുട്ടുമടക്കാതെ മരണത്തെപ്പോലും ധീരതയോടെ നേരിട്ട അമ്മയുടെയും ഏഴു മക്കളുടെയും കഥ. ഭീഷണിക്കും പ്രലോഭനത്തിനും മുന്നിൽ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ആ തീഷ്ണതയാണ് വേദിയിൽ നിറഞ്ഞത്.

സോഷ്യൽ മീഡിയയുടെ സമ്മർദ്ദവും തെറ്റായ സൗഹൃദങ്ങളുടെ ആകർഷണവും മൂല്യങ്ങൾ മറക്കാൻ പ്രേരിപ്പിക്കുന്ന ചുറ്റുപാടുകളും യുവതലമുറയെ വലയ്ക്കുന്ന ഇക്കാലത്ത്, സത്യത്തിനൊപ്പം ഉറച്ചുനിൽക്കാനുള്ള ധൈര്യമാണ് ഈ അവതരണം ഓർമ്മിപ്പിച്ചത്. വിശ്വാസം ആചാരത്തിൽ ഒതുങ്ങുന്നതല്ല, ജീവിതത്തിൽ തെളിയിക്കേണ്ട ധീരതയാണെന്ന് കുട്ടികൾ അഭിനയത്തിലൂടെ പറഞ്ഞു.

രംഗസജ്ജീകരണത്തിലെ സൂക്ഷ്മത, കാലത്തിന് ചേർന്ന വസ്ത്രാലങ്കാരം, കുട്ടികളുടെ സ്വാഭാവികമായ അഭിനയം എന്നിവ വിധികർത്താക്കളുടെയും സദസ്സിന്റെയും ശ്രദ്ധ പിടിച്ചുപറ്റി.

ഒരുമയുടെ ശക്തിയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ പറഞ്ഞു. കുട്ടികളുടെ അർപ്പണബോധവും അധ്യാപകരുടെ പരിശീലനവും മാതാപിതാക്കളുടെ പിന്തുണയും അണിയറപ്രവർത്തകരുടെ നിശബ്ദ സേവനവും ഒന്നുചേർന്നപ്പോഴാണ് വേദിയിൽ ഇത്രയും മനോഹരമായ ഒരവതരണം സാധ്യമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റയ്ക്കല്ല, ഒരുമിച്ച് നിന്ന് വിശ്വാസം ജീവിക്കാനുള്ള പ്രചോദനമാകട്ടെ ഈ വിജയമെന്ന് അദ്ദേഹം ആശംസിച്ചു.

ഡോൺ ഷിബു ഈറ്റത്തോട്ട്, ജെവോൺ ജോണി വാതല്ലൂർ, ജെയിംസ് മാനുവൽ സെബി മുണ്ടാട്ടുചുണ്ടയിൽ, അലൻ സജീവ് ഈറ്റത്തോട്ടുകുന്നേൽ, ക്രിസ്റ്റീന ജോബി കോഴിപ്പൂവനാനിക്കൽ എന്നിവർ കഥാപാത്രങ്ങളായി വേദിയിൽ നിറഞ്ഞു.

കഥയും തിരക്കഥയും ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ ഒരുക്കി. സ്റ്റേജ് സജ്ജീകരണം ജോണി വാതല്ലൂർ, സൗണ്ട് മിക്സിങ് ടോം പാലാ, ആർട്ട് വർക്ക് ഫെലിക്സ് കാവുങ്കൽ, സഞ്ജു കിഴക്കേമല എന്നിവർ നിർവഹിച്ചു. സംവിധാനം സെബാസ്റ്റ്യൻ ജോസഫ്. ജിബിൻ മണിയൻഞ്ചിറ, ജിയ ജിജി ചുക്കനാനിക്കൽ, ജിലു ജിജി ചുക്കനാനിക്കൽ, മനു കൂനാനിക്കൽ എന്നിവർ ഏകോപനം നിർവഹിച്ചു.

വിജയികളായ കുട്ടികളെയും പരിശീലകരെയും വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ, സൺഡേ സ്കൂൾ ഡയറക്ടർ ഫാ. തോമസ് പുത്തൻപുരക്കൽ, ഹെഡ്മാസ്റ്റർ മനു കെ. ജോസ്, മിഷൻ ലീഗ് പ്രസിഡൻറ് ജിബിൻ ജെയിംസ് എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *