പൂഞ്ഞാർ: കലാലയങ്ങളിലെ മുഴുവൻ യുവ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സമ്പൂർണ്ണ വോട്ടർ രജിസ്ട്രേഷൻ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന ‘ക്യാമ്പസ് ടു ബൂത്ത്’ പദ്ധതിക്ക് 2026 നവംബർ 3-ന് കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ തുടക്കമായി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (IHRD) കീഴിലുള്ള കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ (യൂണിറ്റ് 73 & 99) ആഭിമുഖ്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. “Step forward, Get Counted” എന്ന സന്ദേശവുമായി നവംബർ 3 മുതൽ 6 വരെയാണ് രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്.
ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജ് നിർവ്വഹിച്ചു. ചടങ്ങിൽ പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ കോളേജ് യൂണിയൻ (സെനറ്റ്) അഡ്വൈസറും കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയുമായ രാജേഷ് കെ. ആറിൽ നിന്നും എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി ഗോപിക കെ. എസ് ഏറ്റുവാങ്ങി.
തുടർന്ന് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ആദ്യ അപേക്ഷാ ഫോം ഒന്നാം വർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി സിനാൻ സെഡ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ കെ. എസിൽ നിന്നും സ്വീകരിച്ചു.
വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും പൗരബോധവും വളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, അർഹരായ മുഴുവൻ വിദ്യാർത്ഥികളുടെയും വോട്ടവകാശം ഉറപ്പുവരുത്തേണ്ടതിനെക്കുറിച്ചുമുള്ള ക്യാമ്പയിൻ സന്ദേശം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അൽ സഹീർ എസ്. എസ് നൽകി.
പൂഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫീസുമായി സഹകരിച്ചാണ് എൻ.എസ്.എസ് യൂണിറ്റുകൾ ഇതിനാവശ്യമായ ക്രമീകരണങ്ങൾ കോളേജിൽ ഒരുക്കിയിട്ടുള്ളത്. ക്ലാസ് ഗ്രൂപ്പ് ട്യൂട്ടർമാർ വഴി വിദ്യാർത്ഥികളിലേക്ക് നേരിട്ട് അപേക്ഷാ ഫോമുകളും മാർഗ്ഗനിർദ്ദേശങ്ങളും എത്തിക്കുന്നതിനൊപ്പം, ഫോമുകൾ കൃത്യമായി പൂരിപ്പിച്ച് സമർപ്പിക്കാൻ സഹായിക്കുന്നതിനായി കോളേജിൽ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ പ്രത്യേക ‘ഹെൽപ്പ് ഡെസ്കും’ സജ്ജീകരിച്ചിട്ടുണ്ട്. 2027 ജനുവരി 1-നോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയാകുന്ന കോളേജിലെ ഡിപ്ലോമ, ബി.ടെക്, എം.സി.എ, ബി.സി.എ കോഴ്സുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ചടങ്ങിൽ എൻ.എസ്.എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ മാർട്ടിൻ ജെയിംസ്, എക്സാം കൺട്രോളറും ഓട്ടോമൊബൈൽ വിഭാഗം മേധാവിയുമായ ജോഷി ജോസഫ്, പ്ലേസ്മെന്റ് സെൽ കോർഡിനേറ്ററും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയുമായ ഫ്ലവർ എബ്രഹാം, മറ്റ് അധ്യാപകർ, അനധ്യാപകർ, ഓഫീസ് ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന അപേക്ഷകൾ നവംബർ ആറോടെ ക്രോഡീകരിച്ച് തുടർനടപടികൾക്കായി ഇലക്ഷൻ വിഭാഗത്തിന് കൈമാറും.





