Kottayam

നാണ്യവിളകൾക്ക് റെക്കോർഡ് വില; കർഷകർക്ക് നേട്ടമുണ്ടാക്കാൻ ഉൽപ്പാദനവും വിപണനവും ശക്തിപ്പെടുത്തണം; കേന്ദ്രസർക്കാരിന്റെ കർഷക അനുകൂല നയങ്ങൾ അഭിനന്ദനാർഹം: ജോർജ് കുര്യൻ

കോട്ടയം: റബ്ബർ, കുരുമുളക്, ഏലം, കൊപ്ര, അടയ്ക്ക തുടങ്ങിയ നാണ്യവിളകൾക്ക് വിപണിയിൽ റെക്കോർഡ് വില ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ കേന്ദ്രസർക്കാർ സ്വീകരിച്ച കർഷക അനുകൂല നയങ്ങൾ അഭിനന്ദനാർഹമാണെന്ന് മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.

ആഭ്യന്തര കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനും ഇറക്കുമതി നിയന്ത്രണങ്ങളിലൂടെ ആഭ്യന്തര ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനും കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ വിലവർധനവിന് അനുകൂലമായ സാഹചര്യമൊരുക്കി.

ഈ നേട്ടം കർഷകരുടെ വരുമാനവർധനവായി മാറുന്നതിന് സംസ്ഥാന സർക്കാരും കർഷക സംഘടനകളും കൂട്ടായി പ്രവർത്തിക്കണം. ഉൽപ്പാദനവും വിപണനവും ശക്തിപ്പെടുത്താനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

റബ്ബർ മേഖലയെ സംരക്ഷിക്കുന്നതിനായി കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ ഈ രംഗത്ത് നിർണായകമാണ്. റബ്ബർ ഇറക്കുമതി രണ്ട് തുറമുഖങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയതും സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി തീരുവ 25 ശതമാനമായി ഉയർത്തിയതും കോമ്പൗണ്ട് റബ്ബറിന്റെ തീരുവ 10 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കിയതും ആഭ്യന്തര ഉൽപ്പാദകർക്ക് ഗുണകരമായി.

കയറ്റുമതിക്കായുള്ള ഇറക്കുമതിയുടെ കാലാവധി 18 മാസത്തിൽനിന്ന് ആറുമാസമായി കുറച്ചതും ഗുണനിലവാരമില്ലാത്ത കപ്പ് ലമ്പ് ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും ഇതിന്റെ ഭാഗമാണ്. റീപ്ലാന്റിംഗ് സബ്സിഡി ഹെക്ടറിന് 25,000 രൂപയിൽനിന്ന് 40,000 രൂപയായി ഉയർത്തിയതും റബ്ബർ തൊഴിലാളികൾക്ക് ഭവന, ആരോഗ്യ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഏർപ്പെടുത്തിയതും അഭിനന്ദനീയമാണ്. ഇതിന്റെ ഫലമായി റബ്ബർ വില കിലോഗ്രാമിന് 300 രൂപയിലേക്ക് എത്തിയിരിക്കുകയാണ്.

കുരുമുളകിന്റെ കാര്യത്തിൽ കിലോഗ്രാമിന് 500 രൂപയിൽ താഴെയുള്ള ഇറക്കുമതി നിരോധിക്കുകയും സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ നിർബന്ധമാക്കുകയും ചെയ്തതോടെ വില 760 രൂപയിലെത്തി. ഏലത്തിന്റെ കാര്യത്തിൽ 500 രൂപയിൽ താഴെയുള്ള ഇറക്കുമതി തടയുന്നതിനൊപ്പം ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ 75 ശതമാനം കേന്ദ്രവിഹിതത്തോടെ കാലാവസ്ഥാ ഇൻഷുറൻസ് നടപ്പാക്കിയതും കർഷകർക്ക് ആശ്വാസമാണ്. ഏലത്തിന്റെ വില കിലോഗ്രാമിന് 3,000 രൂപയ്ക്ക് മുകളിലെത്തി.

നാളികേര മേഖലയെ സംരക്ഷിക്കാൻ കൊപ്രയുടെ വ്യക്തിഗത ഇറക്കുമതി നിയന്ത്രിച്ച് സ്റ്റേറ്റ് ട്രേഡിംഗ് എന്റർപ്രൈസസ് വഴിയുള്ള ഇറക്കുമതി മാത്രമാക്കി. ബോൾ കൊപ്രയുടെ താങ്ങുവില ക്വിന്റലിന് ഏകദേശം 400 രൂപ വർധിപ്പിക്കുകയും ചെയ്തു. അടയ്ക്കയുടെ കാര്യത്തിൽ കിലോഗ്രാമിന് 351 രൂപയിൽ താഴെയുള്ള ഇറക്കുമതി തടഞ്ഞതോടെ വില ക്വിന്റലിന് 31,000 രൂപയിലെത്തി.

എന്നാൽ റബ്ബറിന്റെ വില കിലോഗ്രാമിന് 300 രൂപയിലെത്തിയിട്ടും സംസ്ഥാനത്തെ തോട്ടങ്ങളിൽ ആവശ്യത്തിന് ടാപ്പിംഗ് നടക്കുന്നില്ലെന്നത് ആശങ്കാജനകമാണ്. തൊഴിലാളികളുടെ ക്ഷാമമാണ് പ്രധാന തടസ്സം. അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള വൈദഗ്ധ്യമുള്ള തൊഴിലാളികൾ കർണാടകയിലേക്ക് എത്തുന്നുണ്ട്. സമാനമായ സാധ്യത കേരളവും പ്രയോജനപ്പെടുത്തണം.

റബ്ബർ ബോർഡ് സൗജന്യ പരിശീലനം നൽകാൻ തയ്യാറാണ്. സംസ്ഥാന സർക്കാർ പരസ്യം നൽകി താൽപര്യമുള്ള തൊഴിലാളികളെ കണ്ടെത്തി പരിശീലനം നൽകി ഈ മേഖലയിലെ മനുഷ്യവിഭവശേഷി ഉറപ്പാക്കണം. റബ്ബർ വിലസ്ഥിരതാ പദ്ധതിയുടെ തറവിലയും നിലവിലെ വിപണി സാഹചര്യത്തിനനുസരിച്ച് ഉയർത്തി പുതുക്കി പ്രഖ്യാപിക്കണം.

റബ്ബറിന്റെ വില കിലോഗ്രാമിന് 300 രൂപയാക്കിയാൽ പിന്തുണയ്ക്കാമെന്ന് നേരത്തെ പ്രഖ്യാപിച്ച മത-സാമൂഹിക നേതാക്കളും ഇപ്പോഴത്തെ സാഹചര്യത്തിൽ കർഷകർക്കൊപ്പം നിൽക്കണം. യുവാക്കളെയും തൊഴിലാളികളെയും ടാപ്പിംഗ് മേഖലയിലേക്ക് ആകർഷിക്കുന്നതിന് ബോധവൽക്കരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കേണ്ടതുണ്ട്.

പ്രവാസികളിൽനിന്നുള്ള പണമൊഴുക്ക് കുറയുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നാണ്യവിളകൾ കൂടുതൽ നിർണായകമാവുകയാണ്. കേന്ദ്രസർക്കാരിന്റെ നയപരമായ ഇടപെടലുകൾ തുറന്നുനൽകിയ ഈ അവസരം സംസ്ഥാന സർക്കാർ ഫലപ്രദമായി ഉപയോഗപ്പെടുത്തണം.

കാർഷിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനും കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും തൊഴിലാളി ലഭ്യതയും ഉറപ്പാക്കണം. കേന്ദ്രസർക്കാരിന്റെ കർഷക അനുകൂല നടപടികൾക്ക് പൂർണ പിന്തുണ നൽകി കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ എല്ലാവരും മുന്നോട്ടുവരണമെന്നും ജോർജ് കുര്യൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *