പാലാ: പ്രായപൂർത്തിയാകാത്തവർക്കിടയിലെ മദ്യപാനവും പ്രായപൂർത്തിയായവരിലെ അമിത മദ്യപാനവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേരളത്തിൽ മദ്യം വാങ്ങാൻ പെർമിറ്റ് ഏർപ്പെടുത്തണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
ലഭിക്കുന്ന പെർമിറ്റ് ഫീസ് മദ്യത്തിനെതിരെയുള്ള പ്രചാരണ പ്രവർത്തനത്തിന് വിനിയോഗിക്കണം. ഇതോടൊപ്പം മദ്യശാലകളുടെയും മദ്യവിൽപ്പന കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം രാത്രി ഏഴു മണിക്കുശേഷം മാത്രമായി നിജപ്പെടുത്തണം. ഘട്ടം ഘട്ടമായി മദ്യനിരോധനം ഏർപ്പെടുത്തുമെന്ന ഭരണഘടനയിലെ നിർദ്ദേശക തത്വം പ്രാവർത്തികമാക്കാൻ മേൽ നടപടികളിലൂടെ സാധിക്കുമെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.
പാചകവാതകം ലഭിക്കാൻ നിബന്ധനകൾ നിലനിൽക്കുമ്പോൾ മദ്യം വ്യാപകമായി ലഭ്യമാക്കുകയാണ്. വ്യക്തിയ്ക്ക് വാങ്ങിക്കാൻ കഴിയുന്ന മദ്യത്തിൻ്റെ അളവ് കുറയ്ക്കണം. ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ മാത്രമേ പെർമിറ്റ് പ്രകാരം മദ്യം വിതരണം ചെയ്യാവൂ. പെർമിറ്റിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കണം. അനുവദിക്കുന്നതിൽ കൂടുതൽ മദ്യം വിതരണം നടത്തുന്നവർക്കെതിരെയും നടപടി സ്വീകരിക്കണം.
വിദ്യാർത്ഥികളടക്കമുള്ളവരിൽ മദ്യപാനാസക്തി വ്യാപകമായിരിക്കുകയാണ്. പൊലീസ് പരിശോധനയിൽ പിടിക്കപ്പെട്ട മദ്യപിച്ചു വാഹനങ്ങൾ ഓടിച്ചവർ എണ്ണം ഞെട്ടിക്കുന്നതാണ്. സ്കൂൾ വാഹനമോടിക്കുന്നവരെയും ഇത്തരത്തിൽ പിടികൂടിയിട്ടുണ്ട്. വിനോദസഞ്ചാരത്തിനു പോയ കുട്ടികൾക്കൊപ്പമുണ്ടായിരുന്ന പി ടി എ ഭാരവാഹി പോലും മദ്യപിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.
ഇതൊക്കെ ലാഘവത്തോടെ കാണാൻ സാധിക്കുകയില്ല. മദ്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ പത്തു വർഷത്തിനുള്ളിൽ കേരളം മദ്യവുമായി ബന്ധപ്പെട്ട വലിയ ദുരിതങ്ങളെ നേരിടേണ്ടി വരുമെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ബിനു പെരുമന, അനൂപ് കട്ടിമറ്റം, സുമിത കോര, അനിൽ ജോസഫ്, ജസ്റ്റിൻ മാത്യു എന്നിവർ പ്രസംഗിച്ചു.





