വൈക്കം: പൊതുപ്രവർത്തന രംഗത്ത് വിവിധ മേഖലകളിലായി നടത്തിയ സേവന പ്രവർത്തനങ്ങൾ പരിഗണിച്ച് തലയാഴം സ്വദേശിയും പൊതുപ്രവർത്തകനുമായ പ്രീജു കെ. ശശിക്ക് മഹാത്മജി പുരസ്കാരം. എറണാകുളത്ത് നടന്ന ചടങ്ങിൽ എറണാകുളം എം.പി. ഹൈബി ഈഡനിൽ നിന്ന് പ്രീജു കെ. ശശി പുരസ്കാരം ഏറ്റുവാങ്ങി.
ഒക്ടോബർ 10ന് എറണാകുളം കച്ചേരിപ്പടിയിലെ ഇ.എസ്.എസ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ എറണാകുളം ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, മാർത്തോമ്മാ സഭാ വികാരി റവ. ഫാ. പി.ടി. തോമസ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, ആലുവ എം.എൽ.എ. അൻവർ സാദത്ത് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയാണ് പുരസ്കാരം നൽകിയത്.
2008 മുതൽ എസ്.എൻ.ഡി.പി യോഗം 2676-ാം നമ്പർ തലയാഴം ശാഖാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന പ്രീജു കെ. ശശി, ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിന്റെ വൈസ് പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗവുമാണ്.
2018ലെ പ്രളയകാലത്ത് ദുരിതബാധിതരായ 280 കുടുംബങ്ങളെ സ്വന്തം വാഹനങ്ങളിൽ ഓംകാരേശ്വരം ക്ഷേത്രത്തിലെത്തിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകി. പിന്നീട് കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിയപ്പോൾ ആവശ്യമായ സാധനങ്ങളടങ്ങിയ കിറ്റുകളും വിതരണം ചെയ്തു. നിരവധി പേർക്ക് വ്യക്തിപരമായി ചികിത്സാ സഹായവും നൽകിയിട്ടുണ്ട്.
2020ൽ തലയാഴം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട കാലയളവിലും വിവിധ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളിൽ പങ്കുചേരുകയും പ്രായമായ തൊഴിലാളികളുടെ ജന്മദിനങ്ങൾ ആഘോഷിക്കുകയും ചെയ്തു. വാർഡിലെ മുഴുവൻ ആളുകൾക്കും വിഷുക്കൈനീട്ടം നൽകുകയും ആശാവർക്കർമാർക്ക് ഓണറേറിയം നൽകുകയും ചെയ്തു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, ചികിത്സാ സഹായം, നേത്ര പരിശോധനാ ക്യാമ്പുകൾ, ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ, അമ്മമാരുടെ ഉത്സവം തുടങ്ങിയ വിവിധ സാമൂഹിക പ്രവർത്തനങ്ങളും നടത്തി.
തലയാഴം മേഖലയിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള കെ.വി. കനാൽ ഫാം റോഡ് നിർമാണത്തിനും നേതൃത്വം നൽകി. വേമ്പനാട് കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ റോഡിന് ടൂറിസം മേഖലയിലും സാധ്യതകളുണ്ട്.
കോവിഡ് കാലത്ത് കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ മൊബൈൽ ഫോണുകളും ടെലിവിഷനുകളും ലഭ്യമാക്കുന്നതിനും ഇടപെടലുകൾ നടത്തി. നിലവിൽ ബി.ജെ.പി. വൈക്കം മണ്ഡലം ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്ന പ്രീജു കെ. ശശിയുടെ പൊതുപ്രവർത്തന രംഗത്തെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് മഹാത്മജി പുരസ്കാരം ലഭിച്ചത്.
കുടുംബം: ഭാര്യ സീമ എസ്. അച്ഛൻ എം.എൻ. ശശിധരൻ, അമ്മ സുലോചന. മക്കൾ കൈലാസ് പി. ദേവ്, ശ്രീ കാർത്തിക.





