Poonjar

വയോജനങ്ങളുടെ ഒത്തുചേരലിനും കരുതലിനും സായുജ്യം വയോജന ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ: പ്രായം പിന്നിട്ടവരുടെ ഒറ്റപ്പെടലിനും മാനസിക സമ്മർദങ്ങൾക്കും ആശ്വാസമേകാനും അവരുടെ അനുഭവങ്ങളും അറിവുകളും സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ട് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സായുജ്യം വയോജന ക്ലബ്ബിന് തുടക്കമായി.

വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം, മാനസിക ഉല്ലാസം, സാമൂഹിക ഇടപെടൽ, സൗഹൃദ കൂട്ടായ്മ എന്നിവ ഉറപ്പാക്കുന്നതിന് ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന സന്ദേശം ഉയർത്തിയാണ് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനവും പൊതുസമ്മേളനവും നടന്നത്.

പൂഞ്ഞാർ ക്ഷീരവ്യവസായ സഹകരണസംഘം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ. ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വയോജന കമ്മീഷൻ അംഗം പ്രൊഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. സായുജ്യം വയോജന ക്ലബ്ബ് പ്രസിഡന്റ് ഡി. രാജപ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല ആർ., ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോജി തോമസ്, ബീന മധുമോൻ, ക്ലിന്റ് അരീപ്ലാക്കൽ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ, ക്ലബ്ബ് സെക്രട്ടറി വി. എസ്. വിനു, വൈസ് പ്രസിഡന്റ് വി. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

കുടുംബബന്ധങ്ങളിലും സാമൂഹിക സാഹചര്യങ്ങളിലും വന്ന മാറ്റങ്ങൾ മൂലം നിരവധി വയോജനങ്ങൾ ഒറ്റപ്പെടൽ അനുഭവിക്കുന്ന സാഹചര്യത്തിൽ അവരുടെ കൂട്ടായ്മയും സജീവമായ സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കുകയെന്നതാണ് സായുജ്യം പോലുള്ള ക്ലബ്ബുകളുടെ പ്രധാന ലക്ഷ്യം. ആരോഗ്യപരിപാലനം, നിയമ-സാമൂഹിക അവബോധം, വിനോദം, കലാ-കായിക പ്രവർത്തനങ്ങൾ, യാത്രകൾ, അനുഭവങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വയോജനങ്ങളുടെ ജീവിതത്തിന് കൂടുതൽ സന്തോഷവും ആത്മവിശ്വാസവും നൽകാനും ക്ലബ്ബിന് കഴിയും.

ജീവിതത്തിന്റെ വിവിധ മേഖലകളിൽ സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ മുതിർന്ന തലമുറയുടെ അനുഭവസമ്പത്ത് പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള വേദിയായും സായുജ്യം മാറുമെന്ന പ്രതീക്ഷയും ഉദ്ഘാടനച്ചടങ്ങിൽ ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *