പാലാ: അല്‍ഫോന്‍സാ കോളജ് പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണെന്നും സമൂഹനന്മ ലക്ഷ്യമാക്കി കോളജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് മാതൃകയാണെന്നും മന്ത്രി മോൻസ് ജോസഫ്. ഈ വര്‍ഷം കോളജ് നടപ്പാക്കുന്ന കര്‍മപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോളജിലെ നിലവിലുള്ള സുവോളജി റിസേര്‍ച്ച് ലബോറട്ടറിയുടെ സൗകര്യങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടി സംസ്ഥാന ഗവണ്മെന്റ് ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപയും എംഎല്‍എ ഫണ്ടില്‍നിന്ന് 11 ലക്ഷം രൂപയും വാഗ്ദാനം ചെയ്തു.
യോഗത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പന് എംഎല്‍എ, കോളജ് മാനേജര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍, വാര്‍ഡ് കൗണ്‍സിലര്‍ പ്രിന്‍സി സണ്ണി മാന്താടില്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, കോളജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഡോ. മിനു ജോയി, ഡിബിടി സ്റ്റാര്‍ കോളജ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.ആര്.അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.





