Kanjirappally

യു.പി.ഐ ഫീസ്; വ്യാപാരികൾക്ക് ഇരുട്ടടി: കെ.ടി.ജി.എ

കാഞ്ഞിരപ്പള്ളി: 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ വ്യാപാരി ഇടപാടുകൾക്ക് എം.ഡി.ആർ ചുമത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിച്ച് വ്യാപാരികളെ യു.പി.ഐ സംവിധാനത്തിലേക്ക് കൊണ്ടുവന്നതിന് ശേഷം, അതേ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് വ്യാപാരികൾക്ക് ഇരുട്ടടിയും അധിക സാമ്പത്തിക ബാധ്യതയുമാണെന്ന് കാഞ്ഞിരപ്പള്ളി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് കെ.ടി.ജി.എ ജില്ലാ പ്രസിഡന്റ് ജോർജ് കൂടല്ലി പറഞ്ഞു.

സാധാരണ ഒരു വസ്ത്രവാങ്ങലിന്റെ തുക തന്നെ 2,000 രൂപ കടക്കുന്ന സാഹചര്യത്തിൽ, തീരുമാനം വസ്ത്രവ്യാപാര മേഖലയെ പ്രത്യേകമായി ബാധിക്കും. കുറഞ്ഞ ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഓരോ യു.പി.ഐ ഇടപാടിനും എം.ഡി.ആർ നൽകേണ്ടിവരുന്നത് മാസാവസാനം വലിയ സാമ്പത്തിക ബാധ്യതയായി മാറും. നിരവധി സാമ്പത്തിക ബാധ്യതകൾ നേരിടുന്ന വ്യാപാരികൾക്ക് യു.പി.ഐ ഇടപാടുകൾക്കും അധിക ചാർജ് ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യയുടെ വിജയത്തിനായി വ്യാപാരികൾ പൂർണമായി സഹകരിച്ച സാഹചര്യത്തിൽ, ഡിജിറ്റൽ ഇടപാടുകളുടെ ചെലവ് വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സമീപനം പുനഃപരിശോധിക്കണം. വ്യാപാര മേഖലയിലെ ആശങ്കകൾ ഗൗരവമായി പരിഗണിച്ച് എം.ഡി.ആർ നടപ്പാക്കാനുള്ള തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും പ്രതിഷേധ സംഗമത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.

എബി മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സാജു തോമസ്, എം.ബി. അമീൻഷാ, സതീഷ് വലിയവീടൻ, പി.കെ. സഫറുള്ള, ജോയ് ജോൺ, നിയാസ് വെള്ളൂപ്പറമ്പിൽ, നിസാർ പ്ലാപ്പള്ളി,രഞ്ജിത്ത് തോമസ്, രാജീ റെജി, ജി.നാഗരാജൻ, ഫെബി രാഗം, റൗഫ് പി.എസ്.പി., പി.ബി. ഗിരീഷ്, ഗോവിന്ദ് വാരിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *