Erattupetta

ഈരാറ്റുപേട്ടയിലെ പ്രളയബാധിതരായ ചെറുകിട വ്യാപാരികൾക്ക് ആശ്വാസമായി പീപ്പിൾസ് ഫൗണ്ടേഷൻ പുനരധിവാസ പദ്ധതി പൂർത്തിയായി

ഈരാറ്റുപേട്ട : ഈ വർഷത്തെ പ്രളയത്തിൽ വ്യാപക നഷ്ടം നേരിട്ട ഈരാറ്റുപേട്ടയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കുന്നതിനായി ബൈത്തുസ്സകാത്ത് കേരളയുമായി സഹകരിച്ച് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കിയ പുനരധിവാസ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നടന്നു. ഈരാറ്റുപേട്ട വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ. ഔദ്യോഗിക പ്രഖ്യാപനം നിർവ്വഹിച്ചു.

പീപ്പിൾസ് ഫൗണ്ടേഷന്റെയും ബൈത്തുസ്സകാത്ത് കേരളയുടെയും പ്രാദേശിക പങ്കാളിത്തത്തിന്റെയും സഹകരണത്തോടെ 35 ലക്ഷം രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.

പ്രളയത്തിന് ശേഷം നഗരത്തിലെ 332 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ ശാസ്ത്രീയമായ പഠനത്തിന്റെയും സർവേയുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയ ഏറ്റവും അർഹരായ ചെറുകിട വ്യാപാരികളുടെ സ്ഥാപനങ്ങൾ പുനസ്ഥാപിക്കുന്നതിനാവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ നടത്തിയ സമഗ്ര സർവേ റിപ്പോർട്ടിന്റെ പ്രകാശനം ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ നിർവ്വഹിച്ചു.

റ്റലൈറ്റ് സർവേയിലൂടെ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങളെ മൂന്ന് സോണുകളായി തിരിച്ച് 99 ശതമാനത്തിലധികം കൃത്യതയോടെയാണ് പഠനം പൂർത്തിയാക്കിയതെന്ന് സർവേ റിപ്പോർട്ട് വിശദീകരിച്ചുകൊണ്ട് പീപ്പിൾസ് ഫൗണ്ടേഷൻ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വി.എം. നിഷാദ് വ്യക്തമാക്കി.

പ്രഖ്യാപന ചടങ്ങിന് മുന്നോടിയായി പ്രളയബാധിതരായ ചെറുകിട സംരംഭകർക്കായി പ്രത്യേക ഓറിയന്റേഷൻ സെഷനും സംഘടിപ്പിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വി.എം. നിഷാദ്, മീനച്ചിൽ താലൂക്ക് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ നിഷ മോൾ എ.വി., ഈരാറ്റുപേട്ട ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ സജ്ന ഉമ്മർ എന്നിവർ സംസാരിച്ചു. ബിസിനസ്സ് ഔദ്യോഗികവൽക്കരിക്കുന്നതിലൂടെ ലഭിക്കുന്ന വളർച്ചാ സാധ്യതകൾ, വായ്പാ സൗകര്യങ്ങൾ, സർക്കാർ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് വ്യാപാരികൾക്ക് അവബോധം നൽകുന്നതായിരുന്നു സെഷൻ.

പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി ഉമർ ആലത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് പി.എ. മുഹമ്മദ് ഇബ്രാഹിം പ്രളയബാധിതർക്കുള്ള ധനസഹായ ചെക്ക് നഗരസഭ ചെയർപേഴ്സന് കൈമാറി.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, ജമാഅത്തെ ഇസ് ലാമി ഏരിയ പ്രസിഡന്റ് അവിനാഷ് മൂസ, പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോർഡിനേറ്റർ അഷ്റഫ് പി.എസ്., നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന നൗഫൽ, നഗരസഭാ കൗൺസിലർമാർ, വ്യാപാരി നേതാക്കൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *