General

ആവർത്തിക്കുന്ന പ്രളയദുരന്തങ്ങൾ സർക്കാരിന്റെ അനാസ്ഥയുടെ ഫലം; നദികളിലെ മണൽ നീക്കി അപകട മേഖലകളിലെ ജനങ്ങളെ പുനരധിവസിപ്പിക്കണം : ബിജെപി

സംസ്ഥാനത്ത് ആവർത്തിച്ചുണ്ടാകുന്ന പ്രളയവും ഉരുൾപൊട്ടലും പ്രകൃതിദുരന്തങ്ങൾ മാത്രമല്ല, സർക്കാരിന്റെ ഗുരുതരമായ അനാസ്ഥയുടെയും മുൻകരുതൽ നടപടികളുടെ അഭാവത്തിന്റെയും ഫലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഷോൺ ജോർജ് പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ക്യാമ്പുകളിലേക്ക് ഭക്ഷണവും കുടിവെള്ളവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നത് രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളുമാണ്. സന്നദ്ധ സംഘടനകളുടെ ഇടപെടലാണ് ദുരിതബാധിതർ പട്ടിണിയിലാകാതെ കഴിയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

2018-ലെ മഹാപ്രളയത്തിന് ശേഷം കോട്ടയം ജില്ലയിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന 138 കുടുംബങ്ങളെ കണ്ടെത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കഴിഞ്ഞ എട്ട് വർഷത്തിനിടെ അതിനായി ഒരു ഫലപ്രദമായ നടപടിയും സ്വീകരിച്ചിട്ടില്ല. കോട്ടയം ജില്ലയിലെ തലനാട് പഞ്ചായത്തിൽ ഒരു വർഷം തന്നെ പലതവണ വെള്ളം കയറുന്ന 40-ലധികം വീടുകൾ ഇന്നും അതേ ദുരിതാവസ്ഥയിലാണ്. ഈ കുടുംബങ്ങളെയും സംസ്ഥാനത്തെ അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്ന മുഴുവൻ ആളുകളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് അവിടങ്ങളിൽ നിന്ന് ജനങ്ങളെ ഭൂമി ഏറ്റെടുത്ത് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ സർക്കാർ തയ്യാറാകണം. ദുരന്തങ്ങൾ ഉണ്ടായശേഷം നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതല്ല, ദുരന്തങ്ങൾ ഒഴിവാക്കാനുള്ള സ്ഥിരം പരിഹാരമാണ് സർക്കാർ നടപ്പാക്കേണ്ടത്.

മീനച്ചിലാറ്റിലും മണിമലയാറ്റിലും വർഷങ്ങളായി അടിഞ്ഞുകൂടിയ മണൽ അടിയന്തരമായി നീക്കം ചെയ്യണം. നദികളുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കാതെ കേരളത്തെ പ്രളയഭീഷണിയിൽ നിന്ന് രക്ഷിക്കാനാകില്ല. നദികളിലെ മണൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2021-ൽ ഹൈക്കോടതിയെ സമീപിച്ചിട്ടും സർക്കാർ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

‘റൂം ഫോർ റിവർ’ പദ്ധതി പഠിക്കാൻ വിദേശ സന്ദർശനം നടത്തിയ സർക്കാർ ഡച്ച് മാതൃകയിൽ വെള്ളപ്പൊക്കം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന്റെ യാതൊരു പ്രായോഗിക ഫലവും കേരളത്തിൽ ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ മഴയിൽ വെറും പത്ത് ശതമാനം മാത്രമാണ് കരതൊട്ടതെന്നാണ് റിപ്പോർട്ടുകൾ. മഴയുടെ തോത് ഇനിയും വർധിച്ചിരുന്നെങ്കിൽ കേരളം അതിഭീകരമായ ദുരന്തം നേരിടേണ്ടി വരുമായിരുന്നുവെന്ന് സർക്കാർ തിരിച്ചറിയണം.

നദികളിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള ഭവനനിർമാണ പദ്ധതികൾക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കണം. ഇതിലൂടെ ഒരേസമയം പ്രളയസാധ്യത കുറയ്ക്കാനും സാധാരണ ജനങ്ങൾക്ക് ഭവനനിർമാണത്തിനാവശ്യമായ മണൽ ലഭ്യമാക്കാനും കഴിയും.

ദുരന്തനിവാരണ വിഷയത്തിൽ സർക്കാർ രാഷ്ട്രീയ സമീപനം ഉപേക്ഷിച്ച് മാനുഷിക പരിഗണനയോടെ പ്രവർത്തിക്കണം. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന മുഴുവൻ ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ദീർഘകാല നടപടികൾ സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷൻ ഷോൺ ജോർജും ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *