Pala

വെള്ളപ്പൊക്കത്തിന് പരിഹാരം സർക്കാർ നിയന്ത്രിത മണൽവാരൽ; നദികളുടെയും ഡാമുകളുടെയും സ്വാഭാവിക ആഴം പുനഃസ്ഥാപിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ

പാലാ: സംസ്ഥാനത്തെ ഡാമുകളിലും നദികളിലും പുഴകളിലും സർക്കാർ നിയന്ത്രണത്തിൽ ശാസ്ത്രീയമായും നിയന്ത്രിതമായും മണൽവാരൽ പുനരാരംഭിച്ചാൽ മാത്രമേ വെള്ളപ്പൊക്കത്തിന്റെ തീവ്രത ഗണ്യമായി കുറയ്ക്കാനാകൂവെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് അടുത്തകാലത്തായി ആവർത്തിക്കുന്ന വെള്ളപ്പൊക്കങ്ങളിൽ വലിയൊരു പങ്കും മനുഷ്യനിർമിതമാണെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.

പതിറ്റാണ്ടുകളായി നദികളിലും പുഴകളിലും മണൽവാരൽ നടക്കാത്തതിനാൽ സ്വാഭാവിക ആഴം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതോടൊപ്പം ചെളി, തിട്ടകൾ, മരങ്ങൾ, ചെടികൾ എന്നിവ അടിഞ്ഞുകൂടിയതും ജലപ്രവാഹം തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കി. ഇതിന്റെ ഫലമായി കനത്തമഴ പെയ്യുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ നദികളും തോടുകളും കരകവിഞ്ഞൊഴുകുകയും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യുന്നു. ഇത്തവണ പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വെള്ളപ്പൊക്കമുണ്ടായതും ഇതിന്റെ തെളിവാണെന്ന് ഫൗണ്ടേഷൻ വിലയിരുത്തി.

നദികളുടെയും തോടുകളുടെയും തീരങ്ങളിൽ നടന്ന അനധികൃത കയ്യേറ്റങ്ങൾ ജലാശയങ്ങളുടെ സ്വാഭാവിക വീതി കുറച്ചതും വെള്ളപ്പൊക്കത്തിന്റെ തീവ്രത വർധിപ്പിച്ചിട്ടുണ്ടെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. മഴക്കാലത്തിന് മുമ്പ് സർക്കാർ നിയന്ത്രണത്തിൽ ശാസ്ത്രീയമായി മണൽവാരുന്നതിനൊപ്പം ചെളിയും തിട്ടകളും മരങ്ങളും ചെടികളും നീക്കം ചെയ്ത് ജലാശയങ്ങളുടെ സ്വാഭാവിക ആഴം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

നദികളിലും തോടുകളിലും നടന്ന കയ്യേറ്റങ്ങൾ അടിയന്തരമായി കണ്ടെത്തി ഒഴിപ്പിക്കുകയും സർക്കാർ ആസ്തി സർവേ നടത്തി അതിർത്തികൾ സംരക്ഷിക്കുകയും വേണം. വാരിയെടുക്കുന്ന മണൽ സർക്കാർ സംവിധാനത്തിലൂടെ മാത്രം വിപണനം നടത്തണമെന്നും ഇതുവഴി സർക്കാരിന് അധിക വരുമാനം ലഭിക്കുമെന്നും ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു.

അനധികൃത മണൽവാരലും കടത്തലും കർശനമായി തടയാൻ നിയമനിർമാണം ശക്തമാക്കണം. വൻപിഴ, മണൽ കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കൽ, മണൽവാരൽ, കടത്ത്, വിൽപ്പന എന്നിവയിൽ ഏർപ്പെടുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള നിയമനടപടി എന്നിവ നടപ്പാക്കിയാൽ അനധികൃത മണൽവാരൽ ഫലപ്രദമായി തടയാനാകുമെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി.

നിർമാണമേഖലയ്ക്ക് ആവശ്യമായ നദിമണൽ വീണ്ടും ലഭ്യമാകുന്നതോടെ എം-സാൻഡിനെ ആശ്രയിക്കുന്നത് കുറയുമെന്നും, കുന്നുകളും മലകളും തുരന്നുള്ള പാറഖനനം കുറയുന്നത് പരിസ്ഥിതി സംരക്ഷണത്തിനും സഹായകരമാകുമെന്നും ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രതിബദ്ധതയുള്ള സർക്കാരിന് ഇത്തരമൊരു പദ്ധതി ഫലപ്രദമായി നടപ്പാക്കാനാകുമെന്നും യോഗം വിലയിരുത്തി.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ബിനു പെരുമന, അനൂപ് ചെറിയാൻ, സുമിത കോര, വി. ടി. വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *