പ്രവിത്താനം: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് (KITE) നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ 2026-ലെ അവാർഡിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. അവാർഡിനോടനുബന്ധിച്ച് 30,000 രൂപയുടെ ക്യാഷ് പ്രൈസും, പ്രശസ്തിപത്രവും, ട്രോഫിയും സ്കൂളിന് ലഭിച്ചു.
തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന സംസ്ഥാനതല സമ്മാനവിതരണ ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സ്കൂളിനുവേണ്ടി ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്,ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് നേതൃത്വം നൽകുന്ന അധ്യാപകരായ സി. ത്രേസ്യാമ്മ പോൾ, വിദ്യ കെ.എസ്., പി.ടി.എ. പ്രസിഡന്റ് ജോബി ജോസഫ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലീഡേഴ്സ് ആയ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ പൊതുവിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി സജിത് ബാബു ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ. സ്നേഹിൽകുമാർ സിംഗ് ഐ എ എസ്, കൈറ്റ് സി ഇ ഒ കെ. അൻവർസാദത്ത് എന്നിവർ പങ്കെടുത്തു.
വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാക്ഷരത, സാങ്കേതികവിദ്യയിലെ പ്രാവീണ്യം, ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, വീഡിയോ നിർമ്മാണം, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (KITE) നടപ്പാക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.
വിദ്യാർത്ഥികളിൽ സാങ്കേതികവിദ്യ സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന മനോഭാവം വളർത്തുന്നതിലും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ക്ലബ്ബിലെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് എസ്.എസ്. എൽ.സി. പരീക്ഷയിൽ ഗ്രേസ് മാർക്കിനും അർഹതയുണ്ട്.
സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, നവീന പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം, സാമൂഹിക പ്രതിബദ്ധതയുള്ള ഡിജിറ്റൽ പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ഈ അഭിമാനനേട്ടം കൈവന്നത്. ഈ പുരസ്കാരം സ്കൂളിനും നാടിനും വലിയ അംഗീകാരമാണെന്ന് സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ അഭിപ്രായപ്പെട്ടു.
സാമൂഹ്യ പ്രതിബദ്ധതയുള്ള നവീന പരിപാടികളുമായി മികവിന്റ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നോട്ടുള്ള പ്രയാണത്തിൽ വലിയ പിന്തുണയും പ്രചോദനവും ആണ് അവാർഡ് നേട്ടം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.





