അരുവിത്തുറ :ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ദ്വിദിന ദേശീയ സെമിനാർ ജൂൺ 17ന് ആരംഭിക്കുന്നു.
കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റുo ഐ.ക്യു.എ.സിയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. “പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ: ഇന്ത്യയിലെ കാർഷിക മേഖല, കാർഷിക മൂല്യശൃംഖലകൾ, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിലുണ്ടാകുന്ന സ്വാധീനം” എന്നതാണ് സെമിനാറിന്റെ മുഖ്യ വിഷയം.
ജൂൺ 17ന് രാവിലെ 10 മണിക്ക് കോളേജ് ഡിജി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രാലയ റവന്യൂ വകുപ്പ് ഡയറക്ടർ ഡോ. മനു ജെ. വെട്ടിക്കൻ ഐ ഇ എസ്സ് സെമിനാർ ഉദ്ഘാടനം ചെയ്യും.
കോളേജ് മാനേജർ റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സന്ദേശം നൽകും. ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രൊഫ. സച്ചിദാനന്ദ മുഖർജി മുഖ്യപ്രഭാഷണവും, ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ ഡോ. വിജയ് കുമാർ പ്രത്യേക പ്രഭാഷണവും നടത്തും.
കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു അനി ജോൺ, ഐ ക്യു ഏ സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിക്കും. സെമിനാർ കൺവീനർ ഡോ. മിഥുൻ ജോൺ സ്വാഗതവും കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് മേധാവി ഷെറിൻ എലിസബത്ത് ജോൺ നന്ദിയും പറയും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ വിവിധ പ്ലീനറി സെഷനുകൾ, പാനൽ ചർച്ചകൾ, പ്രബന്ധ അവതരണങ്ങൾ എന്നിവ നടക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ പ്രൊഫ. കെ. ജെ. ജോസഫ്, സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് ഡയറക്ടർ ഡോ. ജോസ് ചാത്തുക്കുളം തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
സെമിനാറിന്റെ രണ്ടാം ദിവസമായ ജൂൺ 18-ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം നബാർഡ് ഡി.ജി.എം ശ്രീ. റെജി വർഗീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രത്യേക ‘സംവാദ സദസ്സ് ‘ സംഘടിപ്പിച്ചിട്ടുണ്ട്.
ജി.എസ്.ടി പരിഷ്കാരങ്ങൾ സാധാരണക്കാരുടെ കുടുംബക്ഷേമത്തെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഈ ചർച്ചയിൽ കർഷകർ, ഗ്രാമീണ സംരംഭകർ, വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.





