Poonjar

ഐ.പി.എൽ ആവേശത്തെ വെല്ലുന്ന നാടൻ പി.പി.എൽ; യുവതലമുറയ്ക്ക് പുതിയ ഊർജമായി പൂഞ്ഞാർ പ്രീമിയർ ലീഗ്

പൂഞ്ഞാർ: സ്വന്തമായി ഒരു കളിക്കളം പോലും ഇല്ലാത്ത പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ യുവാക്കളുടെ കായിക ആവേശവും കൂട്ടായ്മയുടെ കരുത്തും തെളിയിച്ച് പൂഞ്ഞാർ പ്രീമിയർ ലീഗ് ശ്രദ്ധേയമായി. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന് സ്വന്തമായി ഒരു കളിക്കളം ഇല്ലെന്ന വിഷയം മംഗളം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, കായികരംഗത്തോടുള്ള യുവതലമുറയുടെ താൽപര്യവും ആവശ്യകതയും വീണ്ടും ചർച്ചയാകുകയാണ്.

പൂഞ്ഞാർ ന്യൂ സിറ്റിസൺസ് മെൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പൂഞ്ഞാർ പ്രീമിയർ ലീഗ് ഗ്രാമീണ കായികരംഗത്തിന് പുതിയ ഉണർവ് നൽകി. പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ നിന്നായി 72 ഓളം യുവ താരങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ആറു ടീമുകളാണ് മാറ്റുരച്ചത്.

ടൂർണമെന്റിന് മുന്നോടിയായി മെയ് 30 ന് ക്ലബ്ബിൽ നടന്ന താരലേലവും ശ്രദ്ധേയമായി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ സംഘടിപ്പിച്ച ലേലത്തിൽ ഓരോ ടീമിനും രണ്ട് ലക്ഷം പോയിന്റ് വരെ ഉപയോഗിക്കാനായിരുന്നു അവസരം. ഒരു താരത്തിനുള്ള അടിസ്ഥാന വില രണ്ടായിരം പോയിന്റായാണ് നിശ്ചയിച്ചത്. ലേലത്തിലെ പ്രധാന ആകർഷണമായി മാറിയത് ജയസൂര്യ എന്ന താരത്തെ ഒരു ലക്ഷം പത്തായിരം പോയിന്റിന് സ്പാർട്ടൻസ് പെരിങ്ങുളം സ്വന്തമാക്കിയ നിമിഷമായിരുന്നു. ഗ്രാമീണ ക്രിക്കറ്റിൽ താരലേലം പുതിയ അനുഭവമായി മാറിയതായി പങ്കെടുത്തവർ പറഞ്ഞു.

ന്യൂ സ്റ്റാർ പൂഞ്ഞാർ, ചങ്ക്സ് പൂഞ്ഞാർ, ലെജൻഡ്സ് പൂഞ്ഞാർ, ജി.വി. രാജ, സ്പാർട്ടൻസ് പെരിങ്ങുളം, എ.എഫ്.സി പാതാമ്പുഴ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ ലീഗ് മത്സരങ്ങളും നോക്കൗട്ട് റൗണ്ടുകളും ഉൾപ്പെടുത്തി നടത്തിയ മത്സരങ്ങൾ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമായി. അവസാന ഓവർ വരെ നീണ്ട മത്സരങ്ങളും മികച്ച ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പ്രകടനങ്ങളും ടൂർണമെന്റിന് മാറ്റുകൂട്ടി. പ്രാദേശിക തലത്തിൽ ഇത്രയും മികച്ച രീതിയിൽ സംഘടിപ്പിച്ച മത്സരം നിരവധി ആളുകളെ മൈതാനത്തേക്ക് ആകർഷിച്ചു.

ഇന്നത്തെ യുവതലമുറയെ സ്മാർട്ട്‌ഫോണുകളുടെയും അമിത ഡിജിറ്റൽ ഉപയോഗത്തിന്റെയും വിവിധ ലഹരി ശീലങ്ങളുടെയും പിടിയിൽ നിന്ന് ഒരളവുവരെ മാറ്റിനിർത്താൻ ഇത്തരം കായിക വേദികൾക്ക് കഴിയുന്നുവെന്ന വിലയിരുത്തലും ഉയരുന്നു. മൈതാനങ്ങളിൽ ചെലവഴിക്കുന്ന സമയം യുവാക്കളിൽ സൗഹൃദവും കൂട്ടായ്മയും കായിക മനോഭാവവും വളർത്തുന്നതായും നാട്ടുകാർ അഭിപ്രായപ്പെട്ടു.

ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ന്യൂ സ്റ്റാർ പൂഞ്ഞാർ ജേതാക്കളായി കിരീടം സ്വന്തമാക്കിയപ്പോൾ ലെജൻഡ്സ് പൂഞ്ഞാർ റണ്ണേഴ്സ് അപ്പായി. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

മുപ്പത്തിയാറ് ട്രോഫികൾ ഉൾപ്പെട്ട ടൂർണമെന്റിന്റെ സമ്മാന വിതരണത്തിനും ട്രോഫി സ്പോൺസർഷിപ്പിനും പൂഞ്ഞാർ ടൗണിൽ അജിത് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഫോൺ 4 യു സ്ഥാപനം പിന്തുണ നൽകി. വിവിധ വിഭാഗങ്ങളിലായി ഒരുക്കിയ ട്രോഫികൾ ടൂർണമെന്റിന്റെ മാറ്റുകൂട്ടി.

ടൂർണമെന്റിന്റെ വിവിധ ഘട്ടങ്ങളിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ എം.ജെ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോജി തോമസ്, ക്ലിന്റ് അരീപ്ലാക്കൽ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ, പഞ്ചായത്ത് അംഗങ്ങളായ നിഷ സാനു, എം.പി പ്രമോദ്, സജി സിബി, ആനിയമ്മ സണ്ണി, മണിക്കുട്ടി ഇ.എൻ, പ്രിയ രാജേഷ് എന്നിവർ പങ്കെടുത്തു. വിവിധ സമയങ്ങളിൽ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്ത ജനപ്രതിനിധികളുടെ സാന്നിധ്യവും ടൂർണമെന്റിന് കൂടുതൽ ആവേശമായി.

എം.എൽ.എ സെബാസ്റ്റ്യൻ എം.ജെ കളിക്കളത്തിൽ ഇറങ്ങി ബാറ്റ് ചെയ്ത് കളിച്ചതും കാണികൾക്കിടയിൽ കൗതുകമുണർത്തി. ജനപ്രതിനിധി നേരിട്ട് കളിക്കളത്തിലിറങ്ങിയ നിമിഷങ്ങൾ പ്രേക്ഷകരും യുവാക്കളും ആവേശത്തോടെ സ്വീകരിച്ചു.

ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കും പി.പി.എൽ ടൂർണമെന്റിനും ക്ലബ്ബ് ഭാരവാഹികളായ പ്രസിഡന്റ് അജീഷ് ചിറക്കൽ, സെക്രട്ടറി ശ്രീജിത്ത്, ടൂർണമെന്റ് കോ-ഓർഡിനേറ്റർ അഡ്വ. ഈശ്വർ രാജ് എന്നിവർ നേതൃത്വം നൽകി.

സ്വന്തമായി കളിക്കളം ഇല്ലാത്ത പ്രദേശത്ത് പോലും യുവാക്കളുടെ കായിക സ്നേഹവും കൂട്ടായ പ്രവർത്തനവും എത്ര ശക്തമാണെന്ന് തെളിയിക്കുന്ന ഉദാഹരണമായി പൂഞ്ഞാർ പ്രീമിയർ ലീഗ് മാറിയിരിക്കുകയാണ്. സ്ഥിരമായ കായിക സൗകര്യങ്ങളും ഒരു പൊതുകളിക്കളവും ലഭിച്ചാൽ കൂടുതൽ പ്രതിഭകൾ വളർന്നുവരുമെന്ന പ്രതീക്ഷയും ശക്തമാണ്. ഒരു നാടിന്റെ കായിക സ്വപ്നങ്ങളും കൂട്ടായ്മയുടെ ശക്തിയും വിളിച്ചോതിയ ആഘോഷമായി പൂഞ്ഞാർ പ്രീമിയർ ലീഗ് മാറി.

Leave a Reply

Your email address will not be published. Required fields are marked *