യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തി തലനാട്, മൂന്നിലവ് പഞ്ചായത്തുകളിൽ മാണി സി കാപ്പൻറെ മണ്ഡല പര്യടനം. നൂറുകണക്കിന് പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് കാപ്പൻ മണ്ഡല പര്യടനം നടത്തുന്നത്. വിവിധ പോയിന്റുകളിൽ വോട്ടർമാരുടെ ആവേശോജ്വലമായ സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു പര്യടനം.
പാലാ നിയോജകമണ്ഡലത്തിൽ ജോസ് കെ മാണിക്കും ഷോൺ ജോർജിനും പോൾ ചെയ്യപ്പെടുന്ന വോട്ടുകൾ പിണറായി വിജയൻറെ തുടർഭരണത്തിനുള്ള അംഗീകാരമായി മാറുമെന്ന് കോട്ടയം എംപി ഫ്രാൻസിസ് ജോർജ്. കേരളത്തിൽ നടക്കുന്നത് സിപിഎം ബിജെപി ഡീൽ ആണെന്നും ഇരു പാർട്ടികളുടെയും ലക്ഷ്യം കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തകർച്ചയാണെന്നും ഫ്രാൻസിസ് ജോർജ് ആരോപിച്ചു.
എന്നാൽ ഈ ജനാധിപത്യ വിരുദ്ധതയെ തിരിച്ചറിയുവാനും പരാജയപ്പെടുത്തുവാനുമുള്ള പ്രബുദ്ധത പാലായിലെ വോട്ടർമാർക്ക് ഉണ്ട് എന്നും യുഡിഎഫ് സ്ഥാനാർത്ഥി മാണിസി കാപ്പന് ഉജ്ജ്വല വിജയം സമ്മാനിക്കുവാൻ അവർ കാത്തിരിക്കുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി മാണിസി കാപ്പന്റെ നിയോജക മണ്ഡലം പര്യടനം തലനാട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച രാവിലെ എട്ടു മുപ്പതിന് തലനാട് മണ്ഡലത്തിലെ വെള്ളായനിയിൽ നിന്ന് ആരംഭിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനം തലനാട് പഞ്ചായത്തിലെ പതിനാല് പോയിന്റുകളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഇടത്തിങ്കപാറയിൽ സമാപിച്ചു.
തുടർന്ന് മൂന്നു മണിക്ക് മരുതുംപാറയിൽ നിന്നാണ് മൂന്നിലവ് മണ്ഡലം പര്യടനം ആരംഭിച്ചത്. മൂന്നിലവ് ചകിണിയാംതടത്താണ് വ്യാഴാഴ്ചത്തെ പര്യടന പരിപാടി സമാപിക്കുക. ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച രാവിലെ കരൂർ പഞ്ചായത്തിലും ഉച്ചതിരിഞ്ഞ് രാമപുരം പഞ്ചായത്തിലും ആണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനങ്ങൾ നടക്കുന്നത്.
യുഡിഎഫ് നേതാക്കളായ ബിജു പുന്നത്താനം, ജോയി എബ്രഹാം,പ്രൊഫ.സതീശ് ചൊള്ളാനി, ജോസ് മോൻസലിം പി മാത്യു, കുര്യൻ നെല്ലുവേലി, കുര്യാക്കോസ് പടവൻ,സാജു എം ഫിലിപ്പ്,തോമസ് ഉഴുന്നാലിൽ,ജോർജ് പുളിങ്കാട്, ജോയി സ്കറിയ, ആർ സജീവ്, ആർ പ്രേംജി, ബിന്ദു സെബാസ്റ്റ്യൻ, സി ടി രാജൻ, ബേബി തോമസ്, ഷൈൻ പാറയിൽ, മാർട്ടിൻ കോലടി, ജയിംസ് പെരിയപ്പുറം, താഹ തലനാട്, സിയാ ജോബിൻ, അജിമോൾ മാത്യു, രോഹിണി ഭായി, അമീൻ, പയസ് തോമസ്, സ്റ്റാൻലി, ഉണ്ണി മുട്ടത്ത്, തങ്കച്ചൻ, ബിജു ജോസഫ്, സൈമൺ, ബോബി ഇടപ്പാടി, സന്തോഷ് കാവുകാട്, ചാർളി ഐസക്, ജോഷി, ജോഷ്വാ, ബെന്നി വരിക്കപ്ലാക്കിൽ, സ്റ്റാൻലി മാണിജിനോ ചേറ്റുകുളം, ലിൻസി എന്നിവർ പ്രചരണ പര്യടനത്തിന് നേതൃത്വം നൽകി.





