മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ച് റീ ടാറിങ്ങും മറ്റ് പുനരുദ്ധാരണ പ്രവർത്തികളും നടത്തി ഗതാഗത യോഗ്യമാക്കിയ പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കൂട്ടിക്കൽ- ആലുംതറ- ഈന്തുംപള്ളി റോഡിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. നിർവഹിച്ചു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന മധുമോൻ , പഞ്ചായത്ത് മെമ്പർമാരായ റെജി ഷാജി, മിനിമോൾ ബിജു കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജോയി ജോസ് മുണ്ടുപാലം, പൊതുപ്രവർത്തകരായ ജാൻസ് വയലിക്കുന്നേൽ സജി തടവനാൽ,ഈന്തുംപള്ളി പാറമേക്കാവ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സുനോജ് ചിലമ്പും കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
കൂട്ടിക്കൽ, ഏന്തയാർ ഭാഗങ്ങളിൽ നിന്നും , പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പ മാർഗത്തിൽ സഞ്ചരിക്കുന്നതിനുള്ള ഒരു വഴി കൂടിയാണ് ഇത്. ഗ്രാമപ്രദേശങ്ങളിലൂടെയും മലയോര പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഈ റോഡ് യാഥാർത്ഥ്യമായതോടെ പ്രദേശവാസികളുടെ യാത്രാക്ലേശവും പരിഹരിക്കപ്പെടുകയാണ്





