രാമപുരം: മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശൂനിലത്ത് ചെയ്ത നെൽകൃഷിയിൽ നൂറുമേനി കൊയ്ത് വിദ്യാർത്ഥികൾ.
നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പ്രദേശത്തിൻ്റെ തന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിർണായക പങ്കുവഹിക്കുന്ന നെൽവയലുകൾ പുനരുജ്ജീവിപ്പിക്കാനായിട്ടാണ് വിദ്യാർഥികൾ നെൽ കൃഷിക്കായി മുന്നിട്ടിറങ്ങിയത്.
രാമപുരം ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് വാർഡിലുള്ള ചൂരവേലിൽ പാടത്താണ് നെൽകൃഷി നടത്തി വിളവെടുത്തത്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതികൃഷി മാർഗമാണ് അവലംബിച്ചത്.
കൃഷിക്കായി തിരഞ്ഞെടുത്തത് കന്നും കുളമ്പൻ എന്ന നാടൻ വിത്തിനമാണ്. പ്രകൃതികൃഷിയുടെ പ്രചാരകനായ ശ്രീ. മധു ചൂരവേലിൽ ആണ് നെൽകൃഷിക്കുവേണ്ട മാർഗനിർദേശങ്ങൾ നൽകിയത്
കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം വിദ്യർത്ഥികളോടൊപ്പം നെൽക്കതിർ കൊയ്തുകൊണ്ട് നിർവ്വഹിച്ചു.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ് , പ്രകാശ് ജോസഫ് , പ്രോഗ്രാം ഓഫീസർമാരായ നിർമൽ കുര്യാക്കോസ്, ഷീന ജോൺ, സ്റ്റാഫ് സെക്രട്ടറി സുനിൽ കെ ജോസഫ്, വോളണ്ടിയർ സെക്രട്ടറി അഭിനവ് ബാബു എന്നിവർ പ്രസംഗിച്ചു.





