കാഞ്ഞിരപ്പളളി: കോട്ടയം ജില്ലയിലെ പാറത്തോട് പഞ്ചായത്തിൽ മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറ്റം സി.എം.ഐ സഭ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യാ വികർ പ്രൊവിൻഷ്യലും, സാമൂഹ്യ ക്ഷേമവിഭാഗം കൗൺസിലറും, മേരീക്വീൻസ് ഡയറക്ടറുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐയും, വീടിന്റെ ആശീർവാദം മേരീക്വീൻസ് ആശുപത്രിയുടെ ഫിനാഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐയും നിർവ്വഹിച്ചു.
2024 ലെ ചാവറയച്ചന്റെ തിരുനാൾ ദിനമായ ജനുവരി 03 ന് പ്രഖ്യാപിച്ച ചാവറ കെയർ പ്ലസ് പദ്ധതിയുടെ ഭാഗമായി മേരീക്വീൻസിലെ ജീവനക്കാരിൽ അർഹരായ ഒരാൾക്കാണ് ചാവറ ഭവന പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകിയത്.
മുൻ വർഷങ്ങളിൽ കോട്ടയം ജില്ലയിലെ പാറത്തോട്, എരുമേലി, നെടുംകുന്നം ഗ്രാമപഞ്ചായത്തുകളിലും, ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലും വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 15 ന് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണ തിരുനാൾ ദിനത്തിൽ തറക്കല്ലിട്ട്, സെപ്റ്റംബർ 08 ന് പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ ദിനത്തിൽ കട്ടിള വെച്ച് ഡിസംബർ 31 നു വീട് പണി പൂർത്തീകരിച്ചു കൈമാറാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഏറെയുണ്ടെന്നും, മേരീക്വീൻസ് കുടുംബത്തിലെ അംഗങ്ങളുടെ പിന്തുണ വളരെയേറെ സഹായകമായതായും ഫിനാഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ അഭിപ്രായപ്പെട്ടു.
പാറത്തോട് നടന്ന ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. സിറിൾ തളിയൻ സി.എം.ഐ, പാസ്റ്ററൽ കെയർ ഡയറക്ടർ ഫാ. ഇഗ്നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ പങ്കെടുത്തു.





