വെള്ളികുളം: കൊച്ചി ബിനാലെയിൽ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച സംഭവം ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തുന്നതും അത്യന്തം വേദനാജനകവും ആണെന്ന് വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ യോഗം അഭിപ്രായപ്പെട്ടു. “മൃദുവാംഗിയുടെ ദുർമൃത്യു” എന്ന പേരിലുള്ള ചിത്രാവിഷ്കാരം ക്രൈസ്തവിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന് വികാരി ഫാ.സ്കറിയ വേകത്താനം പ്രസ്താവിച്ചു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതവികാരങ്ങളെ അപമാനിക്കുന്നതും വിശ്വാസികളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതുമായ കലാസൃഷ്ടികൾ ഒരിക്കലും അംഗീകരിക്കാൻ ആവില്ല.ക്രൈസ്തവ സന്യാസിനികളെ അന്ത്യ അത്താഴത്തിൽ മോശമായി ചിത്രീകരിച്ച സംഭവം ഒട്ടും നീതികരിക്കാൻ ആവില്ല.
ക്രൈസ്തവവിശ്വാസത്തെയും ആചാരത്തെയും താറടിക്കുന്ന ഇത്തരം കലാസൃഷ്ടികൾ സാംസ്കാരിക കേരളത്തിന് അപമാനമാണ്.ഭരണഘടന അനുശാസിക്കുന്ന മതേതരത്വത്തിനും മതസൗഹാർദ്ദതയ്ക്കും ഭംഗം വരുത്തുന്ന ഇത്തരം വികലമായ ചിത്രീകരണത്തിനെതിരേ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും അടിയന്തര നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ജയ്സൺ തോമസ് വാഴയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.
സണ്ണി കൊച്ചുപുരയ്ക്കൽ, സിസ്റ്റർ ജീസാ അടയ്ക്കാ പാറയിൽ സി.എം.സി. ചാക്കോ താന്നിക്കൽ , ജിൻസ് മുളങ്ങാശ്ശേരിൽ, മേരിക്കുട്ടി വട്ടോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.ഷാജി മൈലക്കൽ, ജോർജുകുട്ടി ഇരുവേലിക്കുന്നേൽ, സിസ്റ്റർ ഷാൽബി മുകളേൽ സി.എം.സി,. ആൻസി ജസ്റ്റിൻ വാഴയിൽ,ബിൻസി ബിനോയി പാലക്കുഴയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





