മുണ്ടക്കയം : കോരുത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിലെ 6 വാർഡുകളിലൂടെ കടന്നുപോകുന്ന കരിനിലം- പശ്ചിമ -കുഴിമാവ് റോഡ് 1.25 കോടി രൂപ വിനിയോഗിച്ച് റീ ടാറിങ് ആരംഭിച്ചു.
റീ ടാറിങ് പ്രവർത്തികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സന്ദർശിച്ച് വിലയിരുത്തി. മുൻപ് റോഡ് ഏറെ തകർന്നതിനെ തുടർന്ന് ജനങ്ങൾ വലിയ പ്രതിഷേധത്തിലായിരുന്നു.വിവിധ പ്രകാരങ്ങളിലുള്ള സമരമാർഗ്ഗങ്ങളും അരങ്ങേറിയിരുന്നു.
റോഡ് പുനരുദ്ധാരണത്തിനായി നേരത്തെ ഒരു കോടി രൂപ അനുവദിച്ചിരുന്നു എങ്കിലും പ്രവർത്തി ആരംഭിച്ച ശേഷം കരാറുകാരൻ പണി ഉപേക്ഷിച്ച് പോയിരുന്നു.
തുടർന്ന് കാലവർഷക്കെടുതിയിൽ റോഡ് കൂടുതൽ തകർന്നതിനാൽ അധിക തുക ആവശ്യമായി വന്നിരുന്നു. ഇക്കാര്യം ഗവൺമെന്റിന്റെ മുൻപാകെയും, നിയമസഭയിലും ഉന്നയിച്ച് അധിക തുക അനുവദിപ്പിക്കുകയായിരുന്നു എന്നും എംഎൽഎ അറിയിച്ചു.
ഇപ്പോൾ 1.25 കോടി രൂപ വിനിയോഗിച്ചാണ് റീ ടാറിങ് പ്രവർത്തികൾ നടത്തുന്നത്. പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിച്ച് റോഡ് തുറന്നു കൊടുക്കുമെന്നും എംഎൽഎ അറിയിച്ചു.
രണ്ടാംഘട്ടമായി സൈഡ് കോൺക്രീറ്റിംഗ്, ഓട നിർമ്മാണം, റോഡ് സുരക്ഷാക്രമീകരണങ്ങൾ ഇവ നടപ്പിലാക്കുന്നതാണ്. അടുത്തഘട്ടത്തിൽ റോഡ് ബി എം & ബി സി നിലവാരത്തിലേക്ക് ഉയർത്തുമെന്നും എംഎൽഎ അറിയിച്ചു.
ഈ റോഡിന്റെ സമാന്തര പാതയായ കരിനിലം- പുഞ്ചവയൽ -504- കുഴിമാവ് റോഡ് ബി എം &ബി സി നിലവാരത്തിലേക്ക് മാറ്റുന്നതിന് 5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.





