ഏറ്റുമാനൂർ: പുലർച്ചെ പള്ളിയിൽ പോയ വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു. പ്രതികളെ 48 മണിക്കൂറിനകം ഏറ്റുമാനൂർ പോലീസ് പിടികൂടി. ചെറുവാണ്ടൂര്‍ പള്ളിയിലേക്കു നടന്നു പോകുമ്പോൾ പട്ടിത്താനം-മണർകാട് ബൈപാസ് റോഡിൽ ചൊവ്വാഴ്ച പുലർച്ചെ 5.40ന് ചെറുവാണ്ടൂര്‍ എട്ടുപറയില്‍ ഗ്രേസി ജോസഫി(69)ന്റെ നാലു പവൻ തൂക്കം വരുന്ന സ്വര്‍ണമാല കാറിലെത്തിയ സംഘം പൊട്ടിച്ചെടുക്കുകയായിരുന്നു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു ലിസിയുടെ സ്വര്‍ണാഭരണങ്ങള്‍ കവരാനുള്ള മോഷ്ടാക്കളുടെ ശ്രമം വിഫലമായി. സംഭവവുമായി ബന്ധപ്പെട്ട് പരുമല കടപ്ര കുളത്തുമലയിൽ കെ.വി. രവീന്ദ്രൻ (44), കഴക്കൂട്ടം പാങ്ങപ്പാറ ശ്രീകാര്യം ശങ്കരനിലയത്തിൽ രതീഷ് ചന്ദ്രൻ (44), പരുമല കടപ്ര സ്വദേശികളായ മലയിൽ തെക്കേതിൽ ശിവപ്രസാദ് (41), മലയിൽ വടക്കേതിൽ സോമേഷ് കുമാർ (46), അയർക്കുന്നം തൈപ്പറമ്പിൽ ഏബ്രഹാം മാത്യു (55) എന്നിവരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീകളുടെ സമീപം കാര്‍ നിര്‍ത്തിയശേഷം ഗ്രേസിയോട് വഴി ചോദിച്ച മോഷ്ടാവ് കഴുത്തില്‍ക്കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പൊട്ടിക്കുന്നത് തടയുന്നതിനിടയില്‍ ഗ്രേസി നിലത്തുവീണു.
ഇതിനിടയില്‍ കാറില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ ലിസിയെ തടഞ്ഞുനിര്‍ത്തി സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് മോഷ്ടാക്കള്‍ കാറിൽ കയറി രക്ഷപെട്ടു. മാല പൊട്ടിക്കുന്നതിനിടയില്‍ ഗ്രേസിയുടെ കഴുത്തിലും ലിസിയുടെ കൈക്കും പരിക്കേറ്റു.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള മാരുതി കാറിൽ എത്തിയ ഒന്നു മുതൽ നാലുവരെ പ്രതികളാണ് ആഭരണം കവർന്നത്. മോഷണമുതൽ വിൽക്കാൻ സഹായിച്ചതിനാണ് അഞ്ചാംപ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്എച്ച്ഒ ശ്യാം, എസ്ഐമാരായ അഖിൽദേവ്, തോമസ് ജോസഫ്, എഎസ്ഐ ഗിരീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജ്യോമി, സുനിൽ കുര്യൻ, സിപിഒമാരായ സാബു, അനീഷ്, അജിത്, അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





