പാലക്കാട്ട് എലപ്പുള്ളിയിലെ ബ്രൂവറിക്കുള്ള പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ മറ്റൊരു കനത്ത പ്രഹരമാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.
കുടിവെള്ളമില്ലാത്ത നാട്ടില്‍ വെള്ളമടി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ വെമ്പല്‍ കൊള്ളുകയാണ്. ജനഹിതത്തെ മറികടന്ന് ‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം’ എന്ന ചിന്തയാണ് അധികാരികള്‍ക്ക്.
സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുകയും മാരക രാസലഹരിയുടെ വ്യാപനം തടയുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇനി അധികാരത്തില്‍ വരേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവും, മാരക രാസലഹരികളുടെ വ്യാപനവും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്.
മദ്യപാനത്തിന്റെയും മാരക രാസലഹരികളുടെയും ദുരന്തം പേറുന്നവരും സഹനത്തിന്റെ പ്രതീകങ്ങളുമായ അമ്മ, സഹോദരിമാരും ലഹരിക്കെതിരെ സംഘടിത ശക്തിയായി തങ്ങളുടെ അധികാരം തദ്ദേശതെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മദ്യശാലകളുടെ മേലുണ്ടായിരുന്ന നിയന്ത്രണാധികാരം പഞ്ചായത്തിരാജ്-നഗരപാലിക ആക്ട് 232, 447 പിന്‍വലിച്ചതിന്റെ ഫലമായിട്ടാണ് പഞ്ചായത്തിന് മേലെ സര്‍ക്കാര്‍ ബ്രൂവറിക്ക് പ്രാഥമിക അനുമതി നല്‍കിയിരുന്നത്.
നീതി നടപ്പാക്കാന്‍ സര്‍ക്കാരിന് മേലെ പരമോന്നത കോടതികള്‍ ഉണ്ടെന്നുള്ളതാണ് സാധാരണ ജനത്തിന് ആശ്വാസമെന്നും പ്രസാദ് കുരുവിള പറഞ്ഞു.





