General

മദ്യനയവും മയക്കുമരുന്ന് വ്യാപനവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാം : പ്രസാദ് കുരുവിള

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവും, മാരക രാസലഹരികളുടെ വ്യാപനവും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ കുറ്റം പറയാനാവില്ലെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.

മദ്യപാനത്തിന്റെയും മാരക രാസലഹരികളുടെയും ദുരന്തം പേറുന്നവരും സഹനത്തിന്റെ പ്രതീകങ്ങളുമായ അമ്മ, സഹോദരിമാരും ലഹരിക്കെതിരെ സംഘടിത ശക്തിയായിട്ടുണ്ട്.

മദ്യത്തിന്റെ ലഭ്യതക്കുറവാണ് മയക്കുമരുന്നുകളുടെ വ്യാപനത്തിന് കാരണമെന്ന് പ്രചരിപ്പിച്ചവര്‍ക്ക് മുക്കിലും, മൂലയിലും മദ്യശാലകള്‍ പെരുകിയിട്ടും മയക്കുമരുന്നുകളുടെ അതിഭീകര വ്യാപനത്തെക്കുറിച്ച് പ്രതികരിക്കാനില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മദ്യശാലകളുടെ മേലുണ്ടായിരുന്ന നിയന്ത്രണാധികാരം പഞ്ചായത്തിരാജ്-നഗരപാലിക ആക്ട് 232, 447 പിന്‍വലിച്ച് ആയിരത്തിലധികം ബാറുകളും നൂറുകണക്കിന് ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും, കള്ളുഷാപ്പുകളും അനുവദിച്ചത് ഗുണഭോക്താക്കളല്ലാത്തവര്‍ പൊറുക്കില്ല.

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വ്യാപകമായി മദ്യോപയോഗം നടക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം. പണംകൊടുത്ത് വോട്ട് നേടുന്നതുപോലെ തന്നെ ഗുരുതര ചട്ടലംഘനമാണ് മദ്യത്തിന്റെ സ്വാധീനവും.

വ്യക്തിപരമായ കുറ്റകൃത്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട സമയമല്ലിത്, സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച നടക്കണം. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദുരിതവും, ദുരന്തവും അനുഭവിക്കുന്നവര്‍ മറിച്ച് ചിന്തിക്കുന്ന സമയമാണിത്.

നിഷ്പക്ഷമതികള്‍, കുറെക്കൂടി വിവേകമതികളാകണം. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഭരണകര്‍ത്താക്കളും, രാഷ്ട്രീയക്കാരും ഉയര്‍ത്തിവിടുന്ന ചില വ്യക്തിവിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

നാടിനെ മുച്ചൂട് തകര്‍ക്കുന്ന വിഷയങ്ങളില്‍ ഇവര്‍ സ്വീകരിച്ച നിലപാടുകളെ ആശ്രയിച്ചാവണം തെരഞ്ഞെടുപ്പുകളോട് സമീപനം സ്വീകരിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *