Kottayam

എസ് ഐ ആർ, ജനാധിപത്യത്തിന്റെ ആത്മാവിനെതിരെയുള്ള കടന്നുകയറ്റം: സമസ്ത

കോട്ടയം: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ മുതൽ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ) ജനാധിപത്യ പ്രക്രിയയെ തകർക്കാനും പൗരവകാശത്തിന്റെ അടിത്തറക്ക് നേരെയുള്ള വെല്ലുവിളിയും ആണെന്നും, അതിനാൽ വോട്ടർ പട്ടിക പുതുക്കൽ നിർത്തിവെച്ച് പുന പരിശോധന നടത്തണമെന്നും സമസ്ത കോട്ടയം ജില്ലാ പണ്ഡിത ശില്പ ശാല പ്രമേയത്തിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എസ് ഐ ആർ ആശങ്കപ്പെടുത്തുന്നതാണ്.

ഇരട്ടിപ്പുകളും, മരണപ്പെട്ടവരെയും ഒഴിവാക്കാനാണ് ഈ നടപടി എന്ന് അവകാശപ്പെടുമ്പോഴും ലക്ഷക്കണക്കിന് പാർശ്വവൽകൃത പൗരന്മാരുടെ വോട്ടവകാശം ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ പ്രേരിത ഗൂഢലക്ഷ്യമായി ഇത് കണക്കാക്കപ്പെടുന്നു.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽകുമ്പോൾ ഉള്ള ഈ നടപടി അതിന്റെ ഉദ്ദേശിച്ചത്തെ കുറിച്ച് സംശയം ജനിപ്പിക്കുന്നു.
ആദ്യമായി എസ് ഐ ആർ നടപ്പാക്കിയ ബീഹാറിൽ അറുപത്തി അഞ്ചു ലക്ഷം ദളിതർ, സ്ത്രീകൾ, ന്യുനപക്ഷങ്ങൾ ഉൾപ്പെടുന്ന പൗരന്മാരുടെ വോട്ടവകാശം ഇല്ലായ്മ ചെയ്തത് ഈ സംശയത്തിന്റെ ആക്കം കൂട്ടുന്നു. ഏതൊരു പൗരനും മതം ഭാഷ പ്രദേശം എന്നിവ പരിഗണിക്കാതെ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ഉണ്ട്. അതിനെ തകർക്കുന്ന ഏത് ശ്രമത്തെയും ചെറുത്തു തോല്പിക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ കക്ഷികൾക്കും ഉണ്ട്.

അത് ജനാധിപത്യ സംവിധാനങ്ങൾക്ക് കാവൽ നിൽക്കാനുള്ള അവരുടെ ബാധ്യത കൂടിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

“മനുഷ്യർക്കൊപ്പം” എന്ന പ്രമേയത്തിൽ നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യയത്തുൽ ഉലമയുടെ കോട്ടയം ജില്ലാ ഘടകം നടത്തിയ പണ്ഡിത ശിൽപശാല ജില്ലാ പ്രസിഡന്റ്‌ എ എ അബ്ദുൽ അസീസ് സഖാഫി എന്തായാറിന്റ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫി ഉൽഘാടനം ചെയ്തു.

യമനിൽ വധശിക്ഷ വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വിഷയത്തിൽ കാന്തപുരം ഇടപെട്ടത് ഈ മനുഷ്യത്വത്തിന്റെയും, മാനവികതയുടെയും ഭാഗമായിട്ടാണെന്നും, മാനവികത അടിസ്ഥാന തത്വമായി പരിഗണിച്ചാണ് 100 വർഷമായി സമസ്ത ഇവിടെ പ്രവർത്തിക്കുന്നത് എന്നും, മതത്തിന്റെ പേരിൽ ഇതര വിഭാഗത്തെ ആക്ഷേപിക്കുന്നത് മാനവികതക്ക് എതിരാണെന്നും അദ്ദേഹം പ്രസ്ഥാവിച്ചു.

സമസ്ത കേന്ദ്ര മുശാവറ അംഗം എച്ച് ഇസ്സുദ്ധീൻ കാമിൽ സഖാഫി കൊല്ലം പഠന ക്‌ളാസുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പിഎം അനസ് മദനി സ്വാഗതം ആശംസിച്ചു.

എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, അബ്ദുല്ലത്തീഫ് മുസ്‌ലിയാർ അപ്പാഞ്ചിറ, വി എച്ച് അബ്ദുൽ റഷീദ് മുസ്‌ലിയാർ, മുഹമ്മദ് ലബീബ് സഖാഫി, സിയാദ് അഹ്സനി, അബ്ദുസ്സലാം ബാഖവി, അൻവർ മദനി അലി മൗലവി കുമളി, ഹാരിസ് സഖാഫി, സലീം സഖാഫി, യഅഖൂബ് നഈമി,സഅദ് അൽ ഖാസിമി. തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *