പാലാ: നാല്പത്തിനാലാമത് ബിഷപ്പ് വയലിൽ വോളീബോൾ ടൂർണമെന്റിന് പാലാ സെന്റ് തോമസ് കോളേജിൽ തുടക്കമായി. കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പാലാ എം.എൽ.എ മാണി സി കാപ്പൻ ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ ഡോ. സിബി ജെയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഡോ സാൽവിൻ കാപ്പിലിപ്പറമ്പിൽ, പാലാ മുൻസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.
ടൂർണമെന്റിന്റെ ഭാഗ്യചിഹ്നമായ ‘സ്മാഷോ’ ബോൾ മാണി സി കാപ്പൻ എം.എൽ.എയ്ക് കൈമാറി. ഉദ്ഘാടന മത്സരത്തിൽ പാലാ സെന്റ് തോമസ് കോളേജും കോട്ടയം സി.എം.എസ് കോളേജും ഏറ്റുമുട്ടിയപ്പോൾ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് നേരിട്ടുള്ള 3 സെറ്റുകൾക്ക് സിഎംഎസ് കോളേജിനെ കീഴടക്കി ആദ്യ ജയം സ്വന്തമാക്കി.
സ്കോർ 25-23, 25-20, 25-23. ചൊവ്വാഴ്ച രാവിലെ നടക്കുന്ന മത്സരത്തിൽ സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് അങ്കമാലിയെ നേരിടും. ചൊവ്വാഴ്ച വൈകുന്നേരം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഫൈനൽ മത്സരങ്ങളും സമാപന സമ്മേളനവും 26’നു കോളേജിൽ വെച്ച് നടക്കും.