പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാർഷികവും ആശുപത്രിയോട് അനുബന്ധിച്ച് ഒരുലക്ഷത്തിൽ പരം ചതുരശ്രഅടിയിൽ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു.
സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് വെഞ്ചരിപ്പിന് മുഖ്യകാർമികത്വം വഹിച്ചു. ബിഷപ് എമിരറ്റസ് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമകാലീന ചികിത്സസംവിധാനങ്ങൾ കോർത്തിണക്കി ആരോഗ്യരംഗത്ത് ശ്രേഷ്ഠമായ സംഭാവനകൾ നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു.
സഹകരണ ,തുറുമുഖ,ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ, ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ചേർന്ന് സെന്റർ നാടിനായി സമർപ്പിച്ചു.തിരുവനന്തപുരം ആർ.സി.സിയിൽ ലഭ്യമാകുന്ന പോലെ കാൻസർ ചികിത്സ രംഗത്ത് ഏറ്റവും നൂതന ചികിത്സ മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിക്കുന്നത് സംസ്ഥാനത്തിനു തന്നെ അഭിമാനമാണെന്നു അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിന്റെ തീക്ഷ്ണതയിൽ ആധുനിക ചികിത്സ ഒരുക്കുന്ന കേന്ദ്രമാണ് മാർ സ്ലീവാ മെഡിസിറ്റി എന്നും മെഡിക്കൽ കോളജ് എന്ന ലക്ഷ്യത്തിലേക്ക് മാർ സ്ലീവാ മെഡിസിറ്റി എത്തിച്ചേർന്നതായും എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.ബിഷപ് മാർ ജോസഫ് പള്ളിക്കപ്പാറമ്പലിന്റെ എപ്പിസ്കോപ്പൽ ജൂബിലിയുടെ 50ാം വാർഷികത്തെ അനുസ്മരിച്ച് കാൻസർ സെന്ററിന്റെ പേര് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലി മെമ്മോറിയൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ എന്ന് നാമകരണം ചെയ്യുന്നതായി ബിഷപ് പ്രഖ്യാപിച്ചു. ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കല്ലംപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി.
പുതിയ സെന്ററിന്റെ പ്രൊജക്ട് , സൗകര്യങ്ങൾ എന്നിവയുടെ അവതരണം ആശുപത്രി പ്രൊജക്ട്സ്, ഐ.ടി, ലീഗൽ ആൻഡ് ലെയ്സൺ ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ നിർവ്വഹിച്ചു. ഓങ്കോളജി വകുപ്പിന്റെ സേവനങ്ങളെക്കുറിച്ച് മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ സംസാരിച്ചു.
ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ഫ്രാൻസിസ് ജോർജ് എം.പി, ജോസ്.കെ.മാണി എം.പി, ആന്റോ ആന്റണി എം.പി, ഡീൻ കുര്യാക്കോസ് എം.പി, മാണി സി.കാപ്പൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന ചർച്ച് വികാരി റവ.ഫാ.മാത്യു തെക്കേൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു എന്നിവർ പ്രസംഗിച്ചു.