പാലാ: അനധികൃതമായി ടാറിംഗ് യൂണിറ്റ് സ്കൂളിന് പിന്നിൽ സ്ഥാപിച്ച് സ്കൂൾ കുട്ടികളുടെയും പരിസരവാസികളുടെയും ശ്വാസംമുട്ടിക്കുന്നു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിനു പിന്നിലാണ് ടാറിംഗ് ആവശ്യത്തിനുള്ള രണ്ട് യൂണിറ്റുകൾ അനധികൃതമായി സ്ഥാപിച്ച് വൻതോതിൽ ടാറിംഗ് കരിപ്പുക പുറം തള്ളുന്നത്.
ഇതോടെ സ്കൂളും പരിസരവും സമീപ പ്രദേശവുമാകെ ടാർ കരിപ്പുകപടലം കൊണ്ട് നിറയുകയും അസഹ്യമായ ടാറിംഗിൻ്റെ രൂക്ഷഗന്ധം മേഖലയാകെ പടർന്നിരിക്കുകയാണ്.
സ്കൂൾ കെട്ടിടത്തിൻ്റെ 20 മീറ്റർ പിറകിലായി കടന്നു പോകുന്ന റോഡിലാണ് ഒരു ചെറിയ പ്ലാൻ്റും വലിയ പ്ലാൻ്റും സ്ഥാപിച്ചിരിക്കുന്നത്. രണ്ടു ദിവസമായി ഈ യൂണിറ്റുകളിൽ നിന്നും വൻതോതിലാണ് പുക പുറം തള്ളുന്നത്. പുകയും രൂക്ഷഗന്ധവും അസഹ്യമായതോടെ കുട്ടികളെ മറ്റു ഭാഗത്തേയ്ക്ക് മാറ്റിയിരുത്തിയാണ് അധ്യയനം നടത്തുന്നത്.
ടാറിംഗ് പ്ലാൻ്റിലെ പുകയ്ക്കൊപ്പം കറുത്ത പൊടിപടലങ്ങൾ നേരിട്ടു ശ്വാസകോശത്തിൽ പ്രവേശിക്കുന്നത് ഗുരുതമായ ശ്വാസകോശ രോഗങ്ങൾക്ക് ഇടയാക്കും. ശ്വാസകോശ രോഗം ബാധിച്ചവർക്കാകട്ടെ രോഗം മൂർഛിക്കാനും ഇടയാക്കും.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിക്കുന്നതിനെതിരെ കർശന നിർദ്ദേശവും നടപടിയും തുടരുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ പൊതുമരാമത്ത് വിഭാഗത്തിൻ്റെ കീഴിൽ നടത്തുന്ന ടാറിംഗിനിടെ വൻതോതിൽ മലിനീകരണം നടത്തുന്നത്.
ടാറിംഗ് യൂണിറ്റിലെ പുക ശ്വസിച്ചാൽ ന്യൂമോകോണിയോസിസ് ആവാൻ സാധ്യത കൂടുതലാണെന്ന് പ്രമുഖശിശുരോഗ വിദഗ്ദൻ ഡോ അലക്സ് മാണി പറഞ്ഞു. സ്ഥിരമായി ആസ്മ വരാനും ഇടയാക്കും. ഇൻഡസ്ട്രിയൽ ലങ്ങ് ഡിസീസ് ആവാനും ഇതു കാരണമാകാറുണ്ടെന്നും അലക്സ് മാണി വ്യക്തമാക്കി.
നഗരസഭ ആരോഗ്യ വിഭാഗത്തിൽ ഇതുസംബന്ധിച്ചു അറിയിച്ചെങ്കിലും നടപടിയെടുക്കാതെ മലിനീകരണത്തിന് ഒത്താശ ചെയ്യുന്ന നടപടിയാണ് സ്വീകരിച്ചതെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു.
വീടുകളിൽ മാലിന്യം കത്തിച്ചാൽ നടപടിയെടുക്കുന്ന അധികൃതർ ഇത്തരം സംഭവങ്ങളിൽ നടപടിയെടുക്കാതിരിക്കുന്ന നടപടി ജനദ്രോഹമാണ്. നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ അനാസ്ഥയെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വായു മലിനീകരണം ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.