എരുമേലി: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. കൃഷികള്‍ നശിപ്പിക്കുന്ന കാട്ടാനയെ ഓടിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) വിനെ ആന കൊന്നത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു ആനയെ ഓടിക്കാന്‍ ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിന് പുറത്തിറങ്ങി അതിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
വീടിന് 50 മീറ്റര്‍ അകലെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുലാപ്പള്ളി ടാക്‌സി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് ബിജു.
കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തികഞ്ഞ നിസംഗത കാട്ടിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാര്‍ക്കെതിരെ കള്ളക്കേസ് എടുക്കാനല്ലാതെ മറ്റൊന്നിനും വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഡിഇഒ എത്തുന്നതു വരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
അതേ സമയം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉടന്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ അറിയിച്ചു. നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു ഇന്നുതന്നെ കൈമാറുമെന്നും കളക്ടര്‍ അറിയിച്ചു. ബിജുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ശിപാര്‍ശ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.