പാലാ: പാലാ സെന്റ് തോമസ് കോളേജിൽ വച്ച് നടന്ന 44ആമത് വയലിൽ ട്രോഫി കേരള ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജും വനിത വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷൻ കോളേജും ജേതാക്കളായി.
പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് നാല് സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ കീഴടക്കിയാണ് ജേതാക്കളായത്. സ്കോർ 25-14, 21-25, 25-23, 25-23.
ടൂർണമെന്റിലെ മികച്ച പുരുഷതാരമായി പാലാ സെന്റ് തോമസ് കോളേജിലെ സെറ്റർ അക്ബർ അലിയെയും മികച്ച അറ്റാക്കറായി സെൻതോമസിന്റെ ക്യാപ്റ്റൻ ജോം ജോസഫിനെയും ഭാവിയുടെ താരമായി സെന്റ് തോമസിലെ ജെബിൻ ജെയിംസ്സിനെയും, മികച്ച ബ്ലോക്കറായി ക്രൈസ്റ്റ് കോളേജിലെ അൻസിലിനെയും ലിബറോ ആയി ക്രൈസ്റ്റിലെ സിദാർത്തിനെയും തിരഞ്ഞെടുത്തു.
വനിതാ വിഭാഗത്തിൽ മുൻ വർഷത്തെ ജേതാക്കളായ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിനെ നാലു സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ ഒന്നിനെതിരെ 3 സെറ്റുകൾക്ക് മറികടന്നാണ് അസംഷൻ ജേതാക്കളായത്. സ്കോർ 16-25, 28-26, 25-23, 25-20. വനിതാ വിഭാഗത്തിൽ അസംഷൻ കോളേജിലെ അനാമികയേയും ഭാവിയുടെ താരമായി സെന്റ് ജോസപ്പിലെ റെനിയെയും തിരഞ്ഞെടുത്തു.
ജേതാക്കൾക്ക് പാലാ സെന്റ് തോമസ് കോളേജ് മാനേജർ റവ. ഡോ. ജോസഫ് തടത്തിൽ, മുൻ ഇന്റർ നാഷണൽ വോളിബോൾ താരവും കോളേജ് അലുംനിയുമായ ശ്രീഷ് ടി. കെ., പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ സൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസർ മാത്യു ആലപ്പാട്ടുമേടയിൽ, അലുംനി അസോസിയേഷൻ സെക്രട്ടറി പ്രൊഫ. സാബു ഡി. മാത്യു, മുനിസിപ്പൽ കൗൺസിലർമാരായ ജിമ്മി ജോസഫ്, വി സി പ്രിൻസ് എന്നിവർചേർന്ന് പുരസ്കാരങ്ങൾ സമ്മാനിച്ചു.