Melukavu

ലഹരിയുടെ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന്റെ ഫ്ലാഷ് മോബ്

മേലുകാവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ വാകക്കാട് ടൗണിൽ നടത്തപ്പെട്ട ഫ്ലാഷ് മോബ് ലഹരിയുടെ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു.

ലഹരിയുടെ അപകട സാധ്യത തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണമെന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് മേലുകാവ് പോലീസ് സ്റ്റേഷൻ എസ് ഐ മനോജ് കുമാർ ആഹ്വാനം ചെയ്തു

പ്രലോഭിപ്പിക്കുന്ന രീതിയിൽ ഏതു ലഹരി നമ്മെ സമീപിച്ചാലും അതിനെ മനസ്സിലാക്കി അതിൻ്റെ അപകടസാധ്യത തിരിച്ചറിഞ്ഞ് അതു വേണ്ട എന്നു പറയാൻ കുട്ടികൾക്കാവണം എന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ലഹരിയെക്കുറിച്ച് കുട്ടികൾക്കും കുട്ടികളിലൂടെ സമൂഹത്തിനും അവബോധം കൊടുക്കുന്നതിനായാണ് മേലുകാവ് ടൗണിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.

വിവേകപൂർണ്ണമായ സുരക്ഷിതമായ ജീവിതത്തിലേക്ക് കുട്ടികളയും മാതാപിതാക്കളെയും നയിച്ച് ലഹരിരഹിത സമൂഹം എന്ന കാഴ്ചപ്പാടിലേക്ക് വരുന്നതിന് നമുക്ക് സാധിക്കുമെന്ന് കുട്ടികൾ ഫ്ലാഷ് മോബിലൂടെ ബോധവൽക്കരിച്ചു.

ജീവിതത്തിലെ നല്ല മനോഭാവങ്ങളിലൂടെ നല്ല ആരോഗ്യശീലങ്ങിലൂടെ നല്ല വ്യായാമങ്ങളിലൂടെ നല്ല കൂട്ടുകെട്ടുകളിലൂടെ ജീവിതം തന്നെയാണ് ലഹരി എന്ന യഥാർത്ഥത്യം നാം മനസ്സിലാക്കണമെന്ന സന്ദേശമാണ് കുട്ടികൾ കൈമാറിയത്.

ജീവിതത്തിൻ്റെ അന്തസ്സ് എന്നത് എല്ലാം സ്വീകരിക്കാനുള്ള കഴിവല്ല, സ്വയം നിഷേധിക്കാനുള്ള കഴിവും ആണെന്നും തിന്മയിലേക്ക് നയിക്കുന്ന ശക്തികളെ ചെറുത്ത് തോൽപ്പിക്കുന്നതിനുള്ള ആത്മധൈര്യം ആർജ്ജിച്ചെടുക്കണമെന്നും കുട്ടികൾ ആഹ്വാനം ചെയ്തു.

ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, അധ്യാപകരായ ജോസഫ് കെ വി, മനു ജെയിംസ്, അലൻ അലോഷ്യസ് മാനുവൽ, സി. പ്രീത, ജൂലിയ ആഗസ്റ്റിൻ, ഷിനു തോമസ്, മനു കെ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *