Ramapuram

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ രാമപുരത്തെ ഫാമിലി ഹെൽത്ത് സെന്റർ മൾട്ടി സ്പെഷ്യാലിറ്റി താലൂക്ക് ഹോസ്പിറ്റൽ നിലവാരത്തിലേക്ക് ഉയർത്തും: മാണി സി കാപ്പൻ

രാമപുരം : യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്രഥമ പരിഗണന നൽകുന്ന വിഷയങ്ങളിൽ ഒന്ന് രാമപുരത്തെ ഫാമിലി ഹെൽത്ത് സെന്ററിനെ താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തി മൾട്ടി സ്പെഷ്യാലിറ്റി ചികിത്സകൾ ലഭ്യമാക്കുന്നതിന് ആയിരിക്കുമെന്ന് എംഎൽഎ മാണിസി കാപ്പൻ.

ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെയും വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും സേവനം ഉറപ്പാക്കിക്കൊണ്ട് യുഡിഎഫിന്റെ ഹെൽത്ത് മിഷൻ പരിപാടിയുടെ ഭാഗമായിട്ടാകും ആശുപത്രിയെ നൂതന ചികിത്സാ കേന്ദ്രം ആക്കുവാൻ പോകുന്നതെന്നും എംഎൽഎ വിശദീകരിച്ചു.

നാലമ്പലങ്ങളുടെയും കുഞ്ഞച്ചന്റെയും നാടായ രാമപുരത്തെയും ഭരണങ്ങാനത്തെയും ബന്ധപ്പെടുത്തി ടൂറിസം സർക്യൂട്ട് രൂപീകരിച്ച് രണ്ടു പ്രദേശങ്ങളെയും പിൽഗ്രം ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്കി വളർത്തിയെടുക്കുവാനും ദീർഘവീക്ഷണമുള്ള യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർഷിക മേഖലയ്ക്ക് ചെറുകിട സംരംഭക മേഖലയ്ക്കും മുതൽക്കൂട്ടാവുന്ന പദ്ധതികൾ പാലായുടെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രവർത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.

യുഡിഎഫ് മണ്ഡലം ചെയർമാൻ സണ്ണി കാര്യപ്പുറം അധ്യക്ഷത വഹിച്ച യോഗം ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു.

നേതാക്കളായ കെ പി സലിം, മോളി പീറ്റർ, വി എ ജോസ് ഉഴുന്നാലിൽ, കെ കുര്യൻ കട്ടക്കയം,സി റ്റി രാജൻ, കെ കെ ശാന്തറാം, ജോബി കുറ്റികാട്ട്, സന്തോഷ്‌ കാവുക്കാടട്ട്,ജോസഫ് കണ്ടത്തിൽ,മത്തച്ഛൻ പുതിയിടത്തുചാലിൽ, റെജി രാമപുരം എന്നിവർ സംസാരിച്ചു. രാമപുരം റോസറി ഗ്രാമത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരാണ് അണിനിരന്നത്.

Leave a Reply

Your email address will not be published. Required fields are marked *