കോട്ടയത്തിന്റെ കിഴക്കൻ മലയോര മേഖലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കോർത്തിണക്കി കോട്ടയം ഈസ്റ്റ് ടൂറിസം സർക്യൂട്ട് പ്രാഥമിക പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചതായി കോട്ടയം ജില്ല പഞ്ചായത്ത് മെമ്പറും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ ഷോൺ ജോർജ് അറിയിച്ചു.
റിപ്പോർട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ.സുരേഷ് ഗോപിക്കും, സംസ്ഥാനസർക്കാരിനും, സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിനുമാണ് സമർപ്പിച്ചത്.
മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ 40 കിലോമീറ്റർ ഉള്ളിൽ 22 ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനമാണ് ഈ പ്രദേശത്തെ സമഗ്ര ടൂറിസം വികസനത്തിനായി പദ്ധതി തയ്യാറാക്കുമെന്നുള്ളത്.
രണ്ടുവർഷക്കാലത്തെ അധ്വാനം കൊണ്ട് മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും സമഗ്രമായ പഠനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളതെന്നും ഇത്തരത്തിൽ ഒരു റിപ്പോർട്ട് തയ്യാറാക്കാൻ കഴിഞ്ഞതിൽ വേറെ അഭിമാനം ഉണ്ട് എന്ന് അഡ്വ. ഷോൺ ജോർജ് അറിയിച്ചു.
ഇലവീഴാപൂഞ്ചിറ, ഇല്ലിക്കകല്ല്, മാർമല അരുവി, വാഗമൺ, മുതുകോരമല, പൂഞ്ഞാർ കൊട്ടാരം, അരുവിക്കിച്ചാൽ വെള്ളച്ചാട്ടം, കട്ടിക്കയം വെള്ളച്ചാട്ടം, വേങ്ങത്താനം വെള്ളച്ചാട്ടം, പുല്ലേപ്പാറ, ഇരുകണ്ണിക്കയം, വെട്ടുകല്ലാംകുഴി വെള്ളച്ചാട്ടം, കോട്ടത്താവളം വെള്ളച്ചാട്ടം, കാവാലി വ്യൂ പോയിന്റ്, മേലുകാവ് ഗുഹ, തങ്ങൾപാറ, കുരിശുമല, മുരുകൻ മല,മാദാമ്മ കുളം, അടുക്കം തൂക്കുപാലം ഉൾപ്പെടെയുള്ള പ്രദേശങ്ങളെ സംബന്ധിച്ച വിശദമായ പഠന റിപ്പോർട്ടാണ് തയ്യാറാക്കിയത്.





