Pala

കെ.എം മാണിയുടെ സ്മരണകളിൽ നിറഞ്ഞ് തോമസ് ചാഴികാടന് ഉജ്ജ്വല വരവേൽപ്പ്

പാലാ: ജനപ്രതിനിധിയെന്ന നിലയിൽ റിക്കാർഡുകളുടെ തമ്പുരാനായ കെ.എം മാണിയുടെ സ്മരണകളിരമ്പിയാർത്ത് തോമസ് ചാഴികാടന് പാലാ മണ്ഡലത്തിൽ ഉജ്ജ്വല വരവേൽപ്പ്. കത്തീഡ്രൽ സെന്റ് തോമസ് പള്ളി സിമിത്തേരിയിലെ കെ.എം മാണിയുടെ കബറിടത്തിങ്കലെത്തി പ്രാർത്ഥനകൾ നടത്തിയാണ് തോമസ് ചാഴികാടൻ മണ്ഡല പര്യടനത്ത് തുടക്കമിട്ടത്.

സ്ഥാനാർത്ഥി തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപിയ്‌ക്കൊപ്പം പര്യടനത്തിന്റെ ആരംഭവേദിയായ കൊല്ലപ്പള്ളിയിലെത്തുമ്പോൾ ആയിരങ്ങളാണ് കാത്തിരുന്നത്. സ്ഥാനാർത്ഥിയെ ജയ് വിളികളും മുദ്രാവാക്യവുമായി പ്രവർത്തകർ വരവേറ്റു. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തതോടെ ചാഴികാടന്റെ മണ്ഡലപര്യടനം പാലാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്ക് നീങ്ങി.

ഗ്രാമീണമേഖലയിലടക്കം നാട്ടിലാകെ ഉത്സവഛായ സൃഷ്ടിച്ചാണ് തോമസ് ചാഴികാടനെ ജനങ്ങൾ വരവേറ്റത്. നൂറുകണക്കിനാളുകളാണ് ഓരോ സ്വീകരണവേദിയിലും എത്തിച്ചേർന്നത്. സ്ഥാനാർത്ഥിയുടെ വരവറിയിച്ച് അനൗൺസ്‌മെന്റ് വാഹനം എത്തിയതോടെ വീടുകളിൽ നിന്നെത്തി കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ പുഷ്പങ്ങൾ നൽകി സ്ഥാനാർത്ഥിയെ വരവേറ്റു.

പുഷ്പവൃഷ്ടിയും വാദ്യമേളങ്ങളും മാലപടക്കങ്ങളുമൊക്കെ സ്വീകരണത്തിന് ആവേശം സമ്മാനിച്ചു. ഷാളുകളും പൊന്നാടയും മാലയും കൈമാറി സ്ഥാനാർത്ഥിയെ സ്വീകരിച്ച പലരും തങ്ങളുടെ നാടിന് സമ്മാനിച്ച വികസനപ്രവർത്തനങ്ങൾക്ക് പ്രത്യേക നന്ദിയും പറയുന്നുണ്ടായിരുന്നു. സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പനയോലയിൽ തീർത്ത് സമ്മാനിയ്ക്കുന്നതും കാണാമായിരുന്നു.

കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പുലം, മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകളിലായിരുന്നു ആദ്യദിനത്തെ പര്യടനം. രാത്രി എട്ടരയ്ക്ക് പൈകയിൽ പര്യടനം അവസാനിക്കുമ്പോൾ വലിയ ജനസഞ്ചയമാണ് സാക്ഷിയായത്. ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിലുള്ള ഒട്ടേറെ ജനപ്രതിനിധികൾ പര്യടനത്തിന്റെ ആദ്യാവസാനം പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *