ഉഴവൂർ: വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് തോമസ് ചാഴികാടൻ എംപി. ബൈക്ക് അപകടത്തിൽ സാരമായി പരുക്കേറ്റ ഉഴവൂർ സ്വദേശി ജോസ്മോൻ തോമസി ( 27 )നെയാണ് തോമസ് ചാഴികാടൻ എംപി തന്റെ വാഹനത്തിൽ ഉഴവൂർ കെ ആർ നാരായണൻ സ്മാരക ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുറിച്ചിത്താനം സെന്റ്. തോമസ് പള്ളിക്ക് സമീപമായിരുന്നു അപകടം. ജോസ്മോൻ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടം കണ്ട് കോട്ടയത്തേക്ക് പോകുകയായിരുന്ന എംപി ഉടൻ അവിടെ ഇറങ്ങി ജോസ് മോനെ വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്ന് ആശുപത്രിയിലും എത്തിച്ചു.
ജോസ്മോന്റെ ഇടത്തെ കൈയ്ക്ക് പൊട്ടലുണ്ട്. വിദഗ്ദ ചികിത്സയ്ക്കായി യുവാവിനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് സ്വകാര്യ സന്ദർശനം കഴിഞ്ഞ് കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു എംപി.