തിടനാട് : ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ തിടനാട് -ഭരണങ്ങാനം റോഡിനെയും, ഈരാറ്റുപേട്ട -കാഞ്ഞിരപ്പള്ളി റോഡിനെയും തമ്മിൽ ബന്ധിപ്പിച്ചുള്ള ലിങ്ക് റോഡിൽ തിടനാട് സെന്റ് ജോസഫ് പള്ളിയുടെ ഭാഗത്ത് ചിറ്റാറിന് കുറുകെയുണ്ടായിരുന്ന പള്ളി ചപ്പാത്തിന് പകരം കോസ്‌വേ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് സംസ്ഥാന മേജർ ഇറിഗേഷൻ വകുപ്പിൽ നിന്നും 1.90 കോടി രൂപ അനുവദിച്ചത് വിനിയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനിയുടെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
വാർഡ് മെമ്പർ വിജി ജോർജ് സ്വാഗതം ആശംസിച്ചു. മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാം വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസഫ് ജോർജ് കല്ലങ്ങാട്ട്, മിനി സാവിയോ, തിടനാട് സെന്റ് ജോസഫ് ചർച്ച് വികാരി റവ. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ജോർജ്,അംഗങ്ങളായ ജോയിച്ചൻ കാവുങ്കൽ, ഷെറിൻ പെരുമാം കുന്നേൽ, പ്രിയാ ഷിജു, ഓമന രമേശ്, എ.സി രമേശ്, എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രദേശവാസിയുമായ ഡോ. എ.വി ജോർജ് ഐക്കര, പൊതുപ്രവർത്തകരായ കെ. വി അലക്സാണ്ടർ, സിബി ഒട്ടലാങ്കൽ , മാത്തുക്കുട്ടി കുഴിത്തോട് , സാജു വെട്ടിക്കൽ, റോബിൻ കുഴിപ്പാല, ജോ പേഴുംകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വളരെ ഉയരം കുറഞ്ഞ ചപ്പാത്ത് മാത്രം നിലവിലുണ്ടായിരുന്നതിനാൽ മഴക്കാലത്ത് പള്ളി ചപ്പാത്ത് ഉപയോഗിക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. കൂടാതെ പ്രളയവും മറ്റും മൂലം മണ്ണും ചെളിയും മറ്റും അടിഞ്ഞു കൂടിയിരുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ ചപ്പാത്തിന് മുകളിലൂടെ വലിയതോതിൽ വെള്ളം ഒഴുകുന്ന സ്ഥിതി ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ച് ചിറ്റാറിനു കുറുകെ 27 mm നീളത്തിൽ ചെക്ക് ഡാമും 3 സ്പാനുകളോടു കൂടിയ പാലവുമാണ് നിർമ്മിക്കുന്നത്.
പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടുകൂടി പ്രദേശവാസികളുടെ യാത്രാസൗകര്യം ഏറെ മെച്ചപ്പെടുകയും സുരക്ഷിതമാവുകയും ചെയ്യും. പരമാവധി വേഗത്തിൽ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മാണം പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.





