തീക്കോയി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഇല്ലാത്ത 3 വില്ലേജ് ഓഫീസുകളിൽ ഒന്നായ തീക്കോയി വില്ലേജ് ഓഫീസിന് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന റവന്യൂ വകുപ്പ് മുഖേന 45 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
നിലവിൽ തീക്കോയി ഗ്രാമപഞ്ചായത്തിന് സമീപം റവന്യൂ വകുപ്പിന് സ്വന്തമായുള്ള 10 സെന്റ് സ്ഥലത്ത് 40 വർഷത്തോളം പഴക്കമുള്ള ജീർണാവസ്ഥയിൽ ആയ പഴയ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.
റവന്യൂ വകുപ്പ് എല്ലാ സേവനങ്ങളും ആധുനികവൽക്കരിച്ച് ഓൺലൈൻ ആക്കിയെങ്കിലും ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഇതിൽ പല സേവന സൗകര്യങ്ങളും തീക്കോയി വില്ലേജ് ഓഫീസിൽ ലഭ്യമാക്കാൻ കഴിഞ്ഞുരുന്നില്ല. ഇതുകൂടി മുൻനിർത്തിയാണ് തീക്കോയി വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്ന് എംഎൽഎ അറിയിച്ചു.

നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും വേഗത്തിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും വാർത്ത വില്ലേജ് ഓഫീസ് ആക്കുന്നതിന് ലക്ഷ്യമിട്ട് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതായും എംഎൽഎ അറിയിച്ചു.