തീക്കോയി :തീക്കോയി പഞ്ചായത്ത് മൂന്നാം വാർഡിൽ ചാത്തപ്പുഴ തോടിനു കുറുകെ എംഎൽഎ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തീകരിച്ച പാലത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഓമന ഗോപാലൻ പ്രസംഗിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ചാത്തപ്പുഴ ജംഗ്ഷനിൽനിന്നു കുമ്പളപ്പാറ ഭാഗത്തേക്ക് പോകുന്ന റോഡിൽ ചാത്തപ്പുഴ തോടിനു കുറുകെ മുൻപ് നടപ്പാലം മാത്രമാണ് ഉണ്ടായിരുന്നത്.
അതുകൊണ്ടുതന്നെ പ്രദേശവാസികൾ വാഹന ഗതാഗതത്തി നും മറ്റും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. കഴിഞ്ഞ പ്രളയത്തിൽ നിലവിലുണ്ടായിരുന്ന നടപ്പാലവും ഒലിച്ചു പോയതോടെ ജന ങ്ങളുടെ യാത്ര ഏറെ ദുഷ്കരമായിരുന്നു.
തുടർന്ന് പഞ്ചായത്തംഗം സിബി രഘുനാഥന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെത്തുടർന്നാണ് പുതിയ പാലത്തിനു തുക അനുവദിച്ചത്. പുതിയ പാലം നിർമിച്ചതോടെ പ്രദേശത്തെ അമ്പതോളം വീട്ടുകാരുടെ യാത്രാസൗകര്യം വർധിച്ചു.