കോട്ടയം: കോടിമതയില്‍ കൊടൂരാറ്റില്‍ മുങ്ങിയ കുടുംബശ്രീയുടെ ഫ്ളോട്ടിംങ് റെസ്റ്റോറന്റ് ഉയര്‍ത്തി. കോടിമത ബോട്ട് ജെട്ടിയില്‍ കഴിഞ്ഞ ആഴ്ചയാണ് ബോട്ട് വെള്ളം കയറി മുങ്ങിയത്.
കുടുംബശ്രീയുടെ കീഴിൽ ഫ്ളോട്ടിംങ് റെസ്റ്റോറന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന കായിപ്പുറം സൊസൈറ്റിയുടെ പാതിരാമണല്‍ ക്രൂസാണ് മുങ്ങിയത്. 4 ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ബോട്ട് പൂര്‍ണ്ണമായും വെള്ളത്തിനു മുകളിലേക്ക് ഉയര്‍ത്താന്‍ സാധിച്ചത്.
കുമ്മനം സ്വദേശി അബ്ദുല്‍ കലാം ആസാദിന്റെ (ഗ്രാന്‍ഡ് മാസ്റ്റര്‍) JRS Academy) നേതൃത്വത്തില്‍ ആണ് ബോട്ട് ഉയര്‍ത്തല്‍ പദ്ധതി വിജയം കണ്ടത്. കോട്ടയത്ത് നിന്നും അറിയിപ്പ് കിട്ടിയ ഉടൻ തന്നെ ഈരാറ്റുപേട്ടയില്‍ നിന്ന് ടീം നന്മക്കൂട്ടം പ്രസിഡണ്ട് ഷാജി കെ കെ പിയുടെ നേതൃത്വത്തിൽ പ്രവര്‍ത്തകര്‍ എത്തി.
രക്ഷാധകാരി അബ്ദുല്‍ ഗഫൂര്‍ ഇല്ലത്തു പറമ്പില്‍ ,ജഹാനാസ് പൊന്തനാല്‍, ഫൈസല്‍ തീക്കോയി , ഷെല്‍ഫി ജോസ്,എബിന് ഉണ്ണി,അഫ്സല്,ഫൈസി, അജ്മല്‍,ഫൈസല്‍ പാറേക്കാട്ടില്‍,ഹാരിസ്, ശിഹാബ്, സജി, അന്‍സര്‍ നാകുന്നം, തുടങ്ങി സന്നദ്ധ രക്ഷാ പ്രവര്‍ത്തകര്‍ അടങ്ങുന്ന 25 പേരുടെ സംഘം ദൗത്യം ഏറ്റെടുത്തു.
ആദ്യ ദിവസം പ്രാരംഭ പരിശോധനകള്‍ പൂര്‍ത്തിയാക്കി. വിള്ളല്‍ വീണ ഭാഗങ്ങള്‍ അടയ്ക്കാന്‍ വെള്ളത്തില്‍ മുങ്ങിയ ബോട്ടിന്റെ അടിത്തട്ടിൽ ഇറങ്ങി പരിശോധന നടത്തി. രണ്ടാം ദിവസം ഇവർ സര്‍വ്വ സജ്ജരായി രാവിലെ തന്നെ എത്തി ദൗത്യം ആരംഭിച്ചു.
ആദ്യപാടിയായി മുന്‍ഭാഗം താല്‍ക്കാലികമായി ഉയര്‍ത്തി നിര്‍ത്തി വിള്ളൽ വീണ ഭാഗങ്ങളും സുശിരങ്ങളും പൂർണമായും അടച്ചു സുരക്ഷിതമാക്കിയിരുന്നു. മുന്‍ഭാഗത്തെ രണ്ടു അറകള്‍ ഭാഗികമായി ഉയര്‍ത്തി ചെറിയ അറ്റകുറ്റപണികള്‍ ചെയ്തു.
മൂന്നാം ദിവസം പ്രധാനപ്പെട്ട പിന്‍ഭാഗം എന്ജിന് റൂം ഉള്‍പ്പടെയുള്ള ഭാഗം ലീക്ക് കണ്ടു പിടിച്ചു താൽക്കാലികമായി അടച്ചതിനു ശേഷം വലിയ മോട്ടോര്‍ പമ്പ് ഉള്ളിലേക്ക് ഇറക്കി അറകളിൽ നിന്നും വെള്ളം പമ്പ് ചെയ്തു കളഞ്ഞു. . നാലാം ദിവസം ബോട്ടിനുള്ളില്‍ മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങി കൂടുതല്‍ വെള്ളം ഉള്ള അറകളില്‍ വലിയ പമ്പുകള്‍ ഘടിപ്പിച്ചു.
ബാക്കിയുള്ള മൂന്നാമത്തെ അറയിലെ ലീക്ക് അടച്ചു കൊണ്ട് ഒരേ സമയം നാലു ശക്തമായ മോട്ടറുകള്‍ ഉപയോഗിച്ചു മൊത്തം വെള്ളം പുറത്തേക്ക് പമ്പ് ചെയ്തു, ശേഷം ക്രൈയിന്‍ ഉപയോഗിച്ച് പുറകില്‍ എന്ജിന് ഭാഗം ഉയര്‍ത്തി.രണ്ടു ദിവസം കൊണ്ട് ലീക്ക് അടച്ചു മുഴുവൻ വെള്ളവും പുറത്ത് കളയാന്‍ പറ്റി.
ശേഷം ബോട്ട് പൂര്‍ണ്ണമായും മുകളിലേക്ക് ഉയര്‍ത്തി തുടർനടപടികൾക്ക് വേണ്ട രീതിയിൽ ബോട്ട് സജ്ജീകരിച്ചിട്ടാണ് നന്മ കൂട്ടം പ്രവർത്തകർ തിരികെ പോയത്.