മധ്യവേനൽ അവധി ആരംഭിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷയെ നേരിടേണ്ടി വരും. സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്.
കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 -ൽ 11168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് 2019 -ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ളത് ജുവനയിൽ ഡ്രൈവിങ്ങിനാണ്, എന്നാൽ സാധാരണ ജനങ്ങൾക്ക് അതിൻറെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ജുവനൈൽ ഡ്രൈവിംഗിൻ്റെ ശിക്ഷകൾ:
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും. നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും.

നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്‌സ് ലൈസൻസിന് അർഹത നേടണമെങ്കിൽ ഇരുപത്തിയഞ്ച് വയസ്സ് തികയുമ്പോൾ മാത്രമേ സാധ്യമാകുകയുള്ളൂ .2000 ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അർഹതയുണ്ടായിരിക്കും.