Kottayam

സ്ത്രീപക്ഷ നവകേരളം പരിപാടിക്കു തുടക്കം

കോട്ടയം: വിദ്യാഭ്യാസരംഗത്തുണ്ടായ മുന്നേറ്റം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ മേഖലയിലും കേരളത്തിലെ സ്ത്രീകളെ മുന്നിലാക്കിയെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പുമായി ചേർന്നു നടത്തുന്ന ‘സ്ത്രീപക്ഷ നവകേരളം’ ത്രിദിന പരിപാടി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സ്ത്രീശാക്തീകരണത്തിനാവശ്യമായ എല്ലാ സഹായങ്ങളും സർക്കാരിൽനിന്ന് ലഭിച്ചതും ഈ നേട്ടത്തിന് കാരണമായി. ലിംഗസമത്വ കാഴ്ച്ചപ്പാടിലധിഷ്ഠിതമായ നവകേരള സൃഷ്ടിക്കാണു സ്ത്രീപക്ഷ നവകേരളം പരിപാടി സംഘടിപ്പിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക നിഷാ ജോസ് കെ. മാണി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഹൈമി ബോബി, പി,ആർ. അനുപമ, അംഗങ്ങളായ സുധാ കുര്യൻ, രാജേഷ് വാളിപ്ലാക്കൽ, ശുഭേഷ് സുധാകർ, സെക്രട്ടറി പി.എസ്. ഷിനോ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ ടിജു റേച്ചൽ തോമസ്, ജില്ലാ പട്ടിക വർഗ വികസന ഓഫീസർ എസ്. സജു എന്നിവർ പ്രസംഗിച്ചു.

ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ മുൻ എം.എൽ.എ: ഇ.എസ്. ബിജിമോൾ, കേരള വനം വികസന കോർപറേഷൻ ചെയർ പേഴ്സൺ ലതിക സുഭാഷ്, കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ, ഡോ. പി.എം. ആരതി, പ്രഫ. റോണി കെ. ബേബി എന്നിവർ സംസാരിച്ചു. ബസേലിയോസ് കോളജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി. ജ്യോതിമോൾ മോഡറേറ്ററായി.

ഉച്ചകഴിഞ്ഞ് രണ്ടിന് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി32 മുതൽ 44 വരെ എന്ന സിനിമ പ്രദർശിപ്പിച്ചു. തുടർന്നുള്ള ചർച്ചയിൽ ശീതൾ ശ്യാം, ഡോ. എ.കെ. അർച്ചന, അജീഷ് തോമസ് എന്നിവർ സംസാരിച്ചു. മഴവില്ല് വനിതാ ഫിലിം സൊസൈറ്റി വൈസ് പ്രസിഡന്റ് ഏലിയാമ്മ കോര മോഡറേറ്ററായി.

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ശനിയാഴ്ചവരെയാണ് പരിപാടി. ഇന്നു(സെപ്റ്റംബർ 19) രാവിലെ നടക്കുന്ന സമ്മേളനത്തിൽ സാമൂഹിക പ്രവർത്തക ദയാബായി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. തുടർന്നു നടക്കുന്ന ചർച്ചയിൽ ഗാർഹിക പീഡന അതിജീവിതകൾ അനുഭവം പങ്കുവയ്ക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് ഡിജിറ്റൽ മാർക്കറ്റിംഗിനെക്കുറിച്ച് രശ്മി ആർ. നാഥ് ക്ലാസെടുക്കും. തുടർന്ന് മാതംഗി സത്യമൂർത്തിയുടെ കർണാടക സംഗീത പരിപാടി. 20 സ്റ്റാളുകളുള്ള വിപണനമേളയും പരിപാടിയുടെ ഭാഗമായി മാമ്മൻ മാപ്പിള ഹാളിൽ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *