ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗ്ഗ പ്രവേശനത്തിൻറെ 78-ാം പിറന്നാൾ ആഘോഷം 2024 ജൂലായ് 19 മുതൽ 28 വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. പത്തു ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ 19-ാം തീയതി രാവിലെ 11.15 ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടി ഉയർത്തുന്നതോടെ ആരംഭിക്കും.
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്ത മാർ ജോസഫ് പെരുന്തോട്ടവും പാലാ രൂപത ബിഷപ് എമരിറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലും രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിലും മറ്റ് വികാരി ജനറാൾമാരും തദവസരത്തിൽ സന്നിഹിതരായിരിക്കും.
ജൂലൈ 19 തുടങ്ങി 28 വരെയുള്ള തിരുനാൾ ദിവസങ്ങളിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ് മോറൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ, സീറോ മലബാർ മേജർ ആർച്ച് ബിഷപ് എമിരിറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി,
ചങ്ങനാശ്ശേരി ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടം, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ, കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് എമിരിറ്റസ് മാർ മാത്യു അറയ്ക്കൽ,
അദില ബാദ് രൂപതാദ്ധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ, സീറോ മലബാർ കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, വിജയപുരം സഹായ മെത്രാൻ മാർ ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‌കും.
പ്രധാന തിരുനാൾ ദിവസമായ ജൂലൈ 28 ന് രാവിലെ പാലാ രൂപതാ ബിഷപ് എമിരിറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും. തുടർന്ന് 7 മണിക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കബറിടത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും.
ഇടവകദേവാലയത്തിൽ അന്നുരാവിലെ 10.30 ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ് എമിരിറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി റാസ അർപ്പിച്ച് തിരുനാൾ സന്ദേശം നൽകും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം.
തിരുനാളിൻറെ എല്ലാ ദിവസങ്ങളിലും രാവിലെ 5.30, 6.45, 8.30, 10, 11.30, ഉച്ചകഴിഞ്ഞ് 2.30, 4, 5, 7 എന്നീ സമയങ്ങളിലായി ഒൻപത് വിശുദ്ധ കുർബ്ബാനകൾ തീർത്ഥാടനകേന്ദ്രം ദൈവാലയത്തിലുണ്ടായിരിക്കും. രാവിലെ 11.30നുള്ള വിശുദ്ധ കുർബാന അഭിവന്ദ്യ പിതാക്കന്മാരുടെ
കാർമ്മികത്വത്തിലായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.15-ന് ഭക്തിനിർഭരമായ ദീപക്കാഴ്‌ചകളുമായി ആയിരക്കണക്കിനു വിശ്വാസികൾ ജപമാല പ്രാർത്ഥനയും നടത്തും. ജൂലായ് 27-ാം തീയതി വൈകുന്നേരം 6.30-ന് ഇടവക ദൈവാലയത്തിൽ നിന്നും അൽഫോൻസാമ്മ ജീവിച്ച്, മരിച്ച മഠത്തിലേയ്ക്ക് ആഘോഷമായ മെഴുകുതിരി പ്രദക്ഷിണം നടത്തും. വിൻസെൻഷ്യൻ പ്രോവിൻഷ്യൽ റവ. ഡോ. മാത്യു കക്കാട്ടുപിള്ളിൽ വി.സി. തിരുനാൾ സന്ദേശം നൽകും.
തിരുനാളിൻറെ സുഗമമായ നടത്തിപ്പിന് പള്ളി കമ്മറ്റി അംഗങ്ങളും ഷ്റൈനിലെ നൂറ്റിയൊന്നംഗ വോളന്ററ്റിയേഴസും പ്രവർത്തന സജ്ജമായിട്ടുണ്ട്. പൊതുജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും, സാമൂഹ്യവിരുദ്ധരിൽ നിന്നും സംരക്ഷണത്തിനും വേണ്ട എല്ലാ കാര്യങ്ങളും സിവിൽ അധികാരികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സമ്പൂർണ്ണ സഹായം ലഭ്യമാക്കിയിട്ടുണ്ട്.
തിരുനാളിനു ഒരുക്കമായി അൽഫോൻസാമ്മയുടെ കബറിടത്തിലേക്ക് വിവിധ ഇടവകകളിലേയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ തീർത്ഥാടകർ എത്തിത്തുടങ്ങി. തീര്ർത്ഥാടകരം സ്വീകരിക്കാനുള്ള എല്ലാ ഒരുക്കളും നടത്തിക്കഴിഞ്ഞു.
തിരുനാളിന് ഒരുക്കമായി ദൈവാലയത്തിൻറെ മദ്‌ബഹാ നവീകരിച്ചു കൂദാശ ചെയ്തു. നവീകരിച്ച അൾത്താരയിലായിരിക്കും തിരുനാൾ ദിവസങ്ങളിൽ വി. കുർബാന അർപ്പിക്കുക.
പത്രസമ്മേളനത്തിൽ ഷ്റൈൻ റെക്‌ടർ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ഫൊറോന വികാരി വെരി. റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ട്, തീർത്ഥാടനകേന്ദ്രം അഡ്‌മിനിസ്ട്രേറ്റർ റവ.ഫാ.ഗർവ്വാസിസ് ആ നിത്തോട്ടം, വൈസ് റെക്‌ടർ റവ. ഫാ. ആൻറെണി തോണക്കര എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.